ടൂറിസ്റ്റ് ബസ്സുകളുടെ അഭ്യാസ പ്രകടനം; ന്യായീകരണവുമായി ബസ് ഉടമകള്‍

നിയമ ലംഘനങ്ങളെ ന്യായീകരിച്ചും മാധ്യമങ്ങളെ വെല്ലുവിളിച്ചുമാണ് ലൂമിയര്‍ ട്രാവല്‍ ഹബ് ബസ് ഉടമകള്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത്.

Update: 2019-12-02 05:36 GMT

കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ വിനോദ യാത്രയ്ക്ക് മുന്നോടിയായി ടൂറിസ്റ്റ് ബസ് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ന്യായീകരണവുമായി ബസ് ഉടമകള്‍. നിയമ ലംഘനങ്ങളെ ന്യായീകരിച്ചും മാധ്യമങ്ങളെ വെല്ലുവിളിച്ചുമാണ് ലൂമിയര്‍ ട്രാവല്‍ ഹബ് ബസ് ഉടമകള്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത്. വിനോദയാത്രക്ക് കുട്ടികള്‍ ബസ് വിളിക്കണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍മാര്‍ തന്നെ തുടര്‍ന്നും വാഹനമോടിക്കുമെന്നും ബസുടമകളായ ലൂമിയര്‍ ട്രാവല്‍ ഹബ് ഫേസ്ബുക്ക് പോസ്റ്റില്‍ വെല്ലുവിളിച്ചു.

വിനോദയാത്രക്ക്മുമ്പ് അഞ്ചല്‍ ഈസ്റ്റ് സ്‌കൂളിന്റെ മൈതാനത്ത് കുട്ടികളെ നിര്‍ത്തി ചുറ്റിനും അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയതിനെയാണ് ബസുടമകള്‍ ന്യായീകരിക്കുന്നത്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഭ്യാസപ്രകടനത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നാണ് ന്യായീകരണം. മാധ്യമങ്ങളില്‍ കാണിച്ച ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതെന്നാരോപിച്ച ബസുടമകള്‍ ഓലപ്പാമ്പ് കാട്ടിയാല്‍ ഭയക്കില്ലെന്നും വെല്ലുവിളിച്ചു.

അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവര്‍ തന്നെയാകും ഇനിയും ബസുകളുടെ ഡ്രൈവര്‍മാരെന്നും ലൂമിയര്‍ ട്രാവല്‍ ഹബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇത് വിവാദമായതോടെ നിലപാടില്‍ ഖേദം പ്രകടിപ്പിച്ച ബസ് ഉടമ പോസ്റ്റ് പിന്‍വലിച്ചു. അതേസമയം നിയമലംഘനങ്ങള്‍ കണ്ടെത്തിയ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി തുടരുകയാണ്. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കൊല്ലം ജില്ലയില്‍ അഞ്ചു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. അനുവദനീയമല്ലാത്ത ശബ്ദ- വെളിച്ച സംവിധാനങ്ങള്‍ സ്ഥാപിച്ച 55 ബസുകള്‍ക്ക് പിഴ ചുമത്തി.

Tags: