മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും

Update: 2025-02-20 06:49 GMT

ഇടുക്കി: ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്‌റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. അതേസമയം അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ് മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണ്. ഇവരെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകും.

അതേസമയം സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേരുടെ പരിക്ക് ഗുരുതരമല്ല. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.