ലജ്ജയുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-01-25 19:53 GMT

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കാന്‍ പ്രമേയം അവതരിപ്പിക്കുന്ന നിയമസഭാ അംഗങ്ങള്‍ക്കു മുന്നില്‍ വന്നുനില്‍ക്കാതെ ലജ്ജയുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞാല്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചേ മതിയാവൂ. പൂര്‍ണമായോ, ഭാഗികമായോ വായിക്കാം. അതല്ലാതെ ഭരണഘടന പറഞ്ഞ് വിരട്ടാന്‍ നോക്കണ്ട. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാസാക്കിയ പ്രമേയം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ഒരുനിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. എന്നാല്‍, അത് കേന്ദ്രത്തെ അറിയിക്കേണ്ടത് ഗവര്‍ണറാണ്. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനായിരിക്കുമ്പോള്‍ തന്നെ താനൊരു റബര്‍ സ്റ്റാംപ് കൂടിയാണെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്നും പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ മുക്കണമെന്ന കാര്യത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒറ്റ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News