ടൈറ്റാനിയം ഫര്‍ണസ് ഓയില്‍ ചോര്‍ച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാര്‍ സിമന്റ്‌സ് എം ഡി എം മുഹമ്മദ് അലി, കെഎംഎംഎല്‍ എംഡി എസ് ചന്ദ്രബോസ് എന്നിവരാണ് അന്വേഷണസമിതി അംഗങ്ങള്‍. 10 ദിവസത്തിനകം സമിതി റിപാര്‍ട്ട് സമര്‍പ്പിക്കണം.

Update: 2021-02-11 08:42 GMT

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍നിന്ന് ഫര്‍ണസ് ഓയില്‍ ഡ്രൈനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാര്‍ സിമന്റ്‌സ് എം ഡി എം മുഹമ്മദ് അലി, കെഎംഎംഎല്‍ എംഡി എസ് ചന്ദ്രബോസ് എന്നിവരാണ് അന്വേഷണസമിതി അംഗങ്ങള്‍. വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായാണ് മൂന്നംഗം സമിതിയെ നിയോഗിച്ചിരിക്കുന്നത്. 10 ദിവസത്തിനകം സമിതി റിപാര്‍ട്ട് സമര്‍പ്പിക്കണം.

സംഭവത്തില്‍ മലനീകരണ നിയന്ത്രണ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് നേരത്തെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപോര്‍ട്ട്. ഇത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയത്. സംഭവം പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയതോടെ ബീച്ചില്‍ ജനങ്ങള്‍ ഇറങ്ങുന്നത് ജില്ലാ ഭരണകൂടം വിലക്കി. വെട്ടുകാട് മുതല്‍ വേളി വരെ രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ കടലില്‍ എണ്ണ പരന്നു. മല്‍സ്യത്തൊഴിലാളികളാണു കടലിലേക്ക് എണ്ണ ഒഴുകിയെത്തുന്നത് കണ്ടതും ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചത്. ഗ്ലാസ് പൗഡര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എണ്ണയാണ് ഫര്‍ണസ് ഓയില്‍. തീരത്തടിഞ്ഞ എണ്ണ നീക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്.

Tags: