നിരീക്ഷണവും നടപടികളും കര്‍ശനമാക്കുന്നു; കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍

ആദ്യഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടായിരിക്കും റിപോര്‍ട്ട് ചെയ്യുക.

Update: 2020-10-05 07:17 GMT

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫിസര്‍മാരെ തദ്ദേശഭരണസ്ഥാപന തലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്ടര്‍ ഓഫിസര്‍മാരും നീരീക്ഷകരുമായി നിയോഗിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. തങ്ങളുടെ അധികാരപരിധിയിലുള്ള മേഖലകളില്‍ പ്രതിരോധക്രമീകരണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ആരോഗ്യം, റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണം എന്നിവയ്ക്കു പുറമെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കൊവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ആദ്യഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടായിരിക്കും റിപോര്‍ട്ട് ചെയ്യുക.

ബ്രേക്ക് ദ ചെയിന്‍ കാംപയിന്‍(സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍), ക്വാറന്റൈന്‍, ഐസൊലേഷന്‍, ചടങ്ങുകളിലെയും മാര്‍ക്കറ്റുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലനം, മൈക്രോ കണ്ടെയ്ന്‍മെന്റ്, റിവേഴ്സ് ക്വാറന്റൈന്‍, പ്രചാരണനടപടികള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ നിര്‍വഹണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാനും പോലിസിന്റെ സഹായത്തോടെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും.

ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സേവനവും സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. സര്‍ക്കാരിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സെക്ടര്‍ ഓഫിസര്‍മാര്‍ മറ്റു വകുപ്പുകളില്‍നിന്ന് നിലവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. താലൂക്ക് ഇന്‍സിഡന്റ് സിസ്റ്റത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരായിക്കും താലൂക്ക് തലത്തില്‍ സെക്ടര്‍ ഓഫിസര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.

Tags:    

Similar News