യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്കു മടങ്ങാന്‍ തുഷാറിന്റെ ശ്രമം

യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

Update: 2019-08-27 01:15 GMT

ദുബയ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം വൈകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കേസിന്റെ തുടര്‍ നടപടികള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോണി നല്‍കി കഴിഞ്ഞു. ഇന്നിത് കോടതിയില്‍ സമര്‍പ്പിക്കും.

സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടു കൊടുക്കും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എം എ യൂസഫലി തന്നെയാണ് ഇത്തവണയും സഹായിക്കുന്നതെന്നാണു വിവരം.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുഷാര്‍ വെള്ളാപള്ളി മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് ഒത്തുതീര്‍പ്പ് ശ്രമം പൊളിയാന്‍ കാരണം. 

Tags:    

Similar News