റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നയാള്‍ക്കു പോലിസിന്റെ മര്‍ദ്ദനം; സാധനങ്ങള്‍ വലിച്ചെറിഞ്ഞു

Update: 2021-05-10 04:21 GMT

തിരുവനന്തപുരം: റോഡരികില്‍ മാസ്‌കും മറ്റും വില്‍ക്കുന്നയാള്‍ക്കു നേരെ പോലിസിന്റെ മര്‍ദ്ദനവും അസഭ്യവും. ആറ്റിങ്ങല്‍ മുദാക്കല്‍ പഞ്ചായത്തിലെ ചെമ്പൂര് അക്ബര്‍ഷാ മന്‍സിലില്‍ റഫീഖ്(47) ആണ് തുമ്പ സിഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. എക്‌സിബിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലിയില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. ഇക്കഴിഞ്ഞ ഏഴിന് രാവിലെ 11.30ഓടെയാണ് സംഭവം. പള്ളിത്തുറ സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് മാസ്‌ക് വില്‍ക്കുന്നിതിനിടെയാണ് തുമ്പ സി ഐ സ്റ്റേഷനിലേക്ക് പോവുന്നതിനിടെ തിരിച്ചുവരുമ്പോള്‍ ഇവിടെ കണ്ടുപോവരുതെന്ന് പറഞ്ഞു. ഇതേസമയം തന്നെ സമീപത്ത് മീന്‍ കച്ചവടം ചെയ്യുന്നുണ്ടെന്നും റഫീഖ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

    പോലിസ് പറഞ്ഞതനുസരിച്ച് സാധനങ്ങള്‍ കവറിലാക്കുന്നതിനിടെ തിരിച്ചെത്തിയ സിഐ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ഇതിനുമുമ്പ് യാതൊരു കേസിലും പ്രതിയല്ലെന്നും എനിക്കെതിരേ മറ്റൊരു പരാതിയുമില്ലെന്നും റഫീഖ് ചൂണ്ടിക്കാട്ടി. അടിനാഭിക്ക് മുട്ടുകാല്‍ ഉപയോഗിച്ച് ഇടിക്കുകയും മുതുകത്ത് കൈകൊണ്ട് ഇടിക്കുകയും ചെവിക്കല്ലിന് അടിക്കുകയും ചെയ്ത തുമ്പ സി ഐ മാസ്‌കുകളും തുണിത്തരങ്ങളും വലിച്ചെറിഞ്ഞതായും പരാതിയില്‍ പറയുന്നു. ഈ സാധനങ്ങള്‍ വിറ്റ് കിട്ടുന്ന തുക കൊണ്ടാണ് ഞാനും എന്റെ ഭാര്യയും രണ്ടു കുട്ടികളും ജീവിച്ചുപോവുന്നതെന്നും റഫീഖ് ചൂണ്ടിക്കാട്ടി. കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘിക്കാതെ കച്ചവടം നടത്തിയ തന്നെ മര്‍ദ്ദിച്ച തുമ്പ സി ഐയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Thumba Police beat up mask seller on roadside

Tags: