ഊര്‍ജ്ജിത നടപടികളിലൂടെ കൊറോണയെ പ്രതിരോധിക്കാമെന്ന് വിദഗ്ധര്‍

ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുകയും ജലദോഷം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ മാസ്ക് ധരിക്കുകയും ചെയ്യണം. ഇടയ്ക്കിടയ്ക്ക് കൈകഴുകുന്നതും കഴിയുന്നിടത്തോളം ഹസ്തദാനം ഒഴിവാക്കുന്നതും കൈകള്‍ മൂക്കിലും വായിലും കണ്ണിലും തൊടാതിരിക്കുന്നതും പ്രതിരോധമാര്‍ഗമാണ്.

Update: 2020-03-06 04:00 GMT

തിരുവനന്തപുരം: ഊര്‍ജ്ജിത നടപടികളിലൂടെ വലിയ പരിധിയോളം കൊറോണ രോഗം തടയുവാന്‍ സാധിക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധരുടെ സെമിനാര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളജ് അലുമ്നി അസോസിയേഷന്‍റെയും മൈക്രോബയോളജി വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമമാണ് കൊറോണയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച നടത്തിയത്.

ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുകയും ജലദോഷം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ മാസ്ക് ധരിക്കുകയും ചെയ്യണം. ഇടയ്ക്കിടയ്ക്ക് കൈകഴുകുന്നതും കഴിയുന്നിടത്തോളം ഹസ്തദാനം ഒഴിവാക്കുന്നതും  കൈകള്‍ മൂക്കിലും വായിലും കണ്ണിലും തൊടാതിരിക്കുന്നതും പ്രതിരോധമാര്‍ഗമാണ്. ജനങ്ങള്‍ ഒരുമിച്ചുചേരുന്നതും ഒഴിവാക്കണം. വിദേശരാജ്യങ്ങളില്‍ പലേടത്തും സമ്മേളനങ്ങളും മറ്റും ഒഴിവാക്കിവരുന്നു.

അനിവാര്യമല്ലാത്ത യാത്രചെയ്യുന്നതും പ്രത്യേകിച്ച് കൊറോണ ബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണം. ഉഷ്ണം കടുക്കുമ്പോള്‍ ഉഷ്ണരാജ്യങ്ങളില്‍ കൊറോണ കുറയുമെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ 1914ലുണ്ടായ ഇന്‍ഫ്ളുവന്‍സ രോഗബാധ ശൈത്യകാലത്തും ഉഷ്ണകാലത്തും ഒരുപോലെ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് നിതാന്ത ജാഗ്രത വേണം.

നിലവില്‍ വൈറസിനെതിരെ പ്രതിരോധമരുന്നോ ചികിത്സിക്കാനുള്ള മരുന്നോ ലഭ്യമല്ല. ഇവ ഉണ്ടെന്ന പ്രചരണം തെറ്റിദ്ധാരണാജനകമാണ്. ഇത്തരം വ്യാജപ്രചരണം നടത്തുന്നത് ശരിയല്ല. ഊര്‍ജ്ജിതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വൈറസിനെതിരെയുള്ള ഗവേഷണങ്ങളുമാണ് ലക്ഷ്യം വയ്ക്കേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജും ഐഎംഎയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും നേതൃത്വം നല്‍കുമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Tags: