തൃശൂര്‍ പൂരം നടത്തിപ്പ്; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

Update: 2021-04-20 03:33 GMT

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡിഎംഒ എന്നിവര്‍ പങ്കെടുക്കും. പൂരദിവസമായ ഏപ്രില്‍ 23 ന് പൂരപ്പറമ്പില്‍ പ്രവേശനമുള്ള ആളുകളുടെ എണ്ണം സംബന്ധിച്ച് ഇന്ന് അന്തിമതീരുമാനമെടുക്കും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ പൂരം നടത്തരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് തീരുമാനിച്ചത്. തൃശൂര്‍ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാനാണ് തിരുവമ്പാടി ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഇത്തവണത്തെ കുടമാറ്റത്തില്‍നിന്നും തിരുവമ്പാടി പിന്‍മാറിയിട്ടുണ്ട്. എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്താവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങളും യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും ചര്‍ച്ച ചെയ്യും.

Tags: