അമ്മയുടെ മര്‍ദനമേറ്റ് മരിച്ച് മൂന്നു വയസുകാരന്റെ പിതാവും അറസ്റ്റില്‍

നേരത്തെ കുട്ടിയുടെ മാതാവും ഷഹജാദ് ഖാന്റെ ഭാര്യയുമായ ജാര്‍ഖണ്ഡ് സ്വദേശി ഹെന(28)യെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കളമശേരി പാലയ്ക്ക മുകള്‍ ജുമാ മസ്ജിദില്‍ കബറടക്കി. കബറടക്കുന്നതിനു മുമ്പായി കുട്ടിയുടെ മൃതദേഹം കാണാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കി

Update: 2019-04-20 07:47 GMT
കൊച്ചി: ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നു വയസുകാരന്റെ പിതാവിനെയും പോലിസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി ഷഹജാദ് ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ കുട്ടിയുടെ മാതാവും ഷഹജാദ് ഖാന്റെ ഭാര്യയുമായ ജാര്‍ഖണ്ഡ് സ്വദേശി ഹെന(28)യെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കളമശേരി എച്ച്എംടി കോളനി പാലയ്ക്ക മുകള്‍ വടകോട് മുഹയ്ദീന്‍ ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി. കബറടക്കുന്നതിനു മുമ്പായി കുട്ടിയുടെ മൃതദേഹം കാണാന്‍ മാതാപിതാക്കള്‍ക്ക് പോലിസ് അവസരം നല്‍കി.റിമാന്റിലായിരുന്ന ഹെനയെ കോടതിയുടെ അനുമതിയോടെയാണ് കുട്ടിയുടെ മൃതദേഹം കാണിച്ചത്.എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ വെച്ചാണ് കുട്ടിയുടെ മൃതദേഹം കാണാന്‍ പോലിസ് ഇവര്‍ക്ക് അവസരം നല്‍കിയത്.


ബുധനാഴ്ച പതിനൊന്നോടെ ഭക്ഷണം നല്‍കുമ്പോള്‍ അടുക്കളയിലെ സ്ലാബില്‍ നിന്ന് വീണ് കുട്ടിയുടെ ബോധം പോയെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകളുണ്ടായിരുന്നു. കാലുകളില്‍ അടിയേറ്റിരുന്നു. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ശ്വാസം കഴിക്കാനും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.തലയോട്ടിക്കും തലച്ചോറിനും പരിക്കേറ്റതിനെതുടര്‍ന്ന് കട്ട പിടിച്ച രക്തം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്തുവെങ്കിലും ഇന്നലെ രാവിലെ 9.45 ഓടെ കുട്ടി മരിച്ചു.

കളമശേരിയില്‍ മെട്രോ സൈറ്റില്‍ ജെസിബി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷഹജാദ് ഖാന്‍. കൊല്ലപ്പെട്ട കുഞ്ഞും മാതാവ് ഹെനയും 20 ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. ഷഹജാദ് ഖാന്‍ ഒരുവര്‍ഷമായി കേരളത്തിലുണ്ട്.കുടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പോലിസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചതാണോയെന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.

Tags:    

Similar News