മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങളുമായി വൈദ്യൂതി ബോര്‍ഡ്

ട്രാന്‍സാക്ഷന്‍ ചാര്‍ജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ഭീം ആപ്പ്, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ഇനിമുതല്‍ ബില്ലടയ്ക്കാം

Update: 2019-03-01 15:01 GMT

തിരുവനന്തപുരം: അധികതുക നല്‍കാതെ ഓണ്‍ലൈനായി വൈദ്യുതി ബില്ലടയ്ക്കുന്ന ബിബിപിഎസ് സംവിധാനമുള്‍പ്പെടെ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കമായി. വൈദ്യുതി മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ബിബിപിഎസ്, സോഷ്യല്‍ മീഡിയ ഡെസ്‌ക്, വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ട്രാന്‍സാക്ഷന്‍ ചാര്‍ജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ഭീം ആപ്പ്, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ഇനിമുതല്‍ ബില്ലടയ്ക്കാം.

ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനായി പണമടയ്ക്കുമ്പോള്‍ സേവനദാതാക്കള്‍ക്ക് അധികമായി നല്‍കേണ്ട തുക വൈദ്യുതി ബോര്‍ഡ് തന്നെ നല്‍കും. പൊതുജനങ്ങളുടെ പരാതി വളരെ വേഗത്തില്‍ പരിഹരിക്കുന്നതിനും സംശയനിവാരണത്തിനുമുള്ള സോഷ്യല്‍ മീഡിയ ഡെസ്‌ക് കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ആരംഭിച്ചു. ഇതിനായി KERALA STATE ELECTRICITY BOARD എന്ന ഫെയ്സ്ബുക്ക് പേജും KSEB Ltd എന്ന ട്വിറ്റര്‍ പേജും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. ഓണ്‍ലൈന്‍ ചാറ്റ് സംവിധാനവും ഉടന്‍ ആരംഭിക്കും.

എന്‍ജിനീയറിങ് കേളേജുകള്‍, പോളിടെക്നിക്, ഐറ്റിഐ, വിഎച്ച്എസ്ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പരിശീലന പരിപാടികള്‍ക്കായി പ്രോജക്ട് തെരഞ്ഞെടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ www.kseb.in പ്രവര്‍ത്തനക്ഷമമായി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ പോര്‍ട്ടല്‍, വഴി സാധിക്കും. മൊബൈല്‍ ഫോണിലൂടെയും അനായാസമായി ഈ സംവിധാനം ഉപയോഗിക്കാം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരാണ് ഈ സംവിധാനം വികസിപ്പിച്ചത്.

Tags:    

Similar News