തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിച്ച് മൂന്ന് കൊച്ചുമിടുക്കന്‍മാര്‍

Update: 2019-07-02 09:40 GMT

പരപ്പനങ്ങാടി: കളിക്കുന്നതിനിടെ തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചത് മൂന്ന് കൊച്ചുമിടുക്കന്‍മാര്‍. നാലുവയസുകാരന്‍ കാല്‍തെറ്റി തോട്ടിലേക്ക് വീഴുന്നത് കണ്ട് സമീപത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മൂവര്‍സംഘം ഉടന്‍ തന്നെ വെള്ളംനിറഞ്ഞ തോട്ടിലേക്ക് എടുത്ത് ചാടുകയായിരുന്നു. ശബദം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും വെള്ളത്തില്‍ വീണ കുട്ടിയെ ഇവര്‍ കോരിയെടുത്ത് കഴിഞ്ഞിരുന്നു.

ഉള്ളണം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റിഫാന്‍(12), മുഹമ്മദ് റിഷാന്‍(8), മുഹമ്മദ് ദാനിഷ്(11) എന്നിവരുടെ മനുഷത്വപരവും ധീരവുമായ പ്രവൃത്തിയാണ് ഒരു ജീവന്‍ രക്ഷിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കരിങ്കല്ലത്താണി സബ്‌സ്‌റ്റേഷന് സമീപത്തെ തോട്ടിലായിരുന്നു അപടം. തോടിന് സമീപത്തെ വീട്ടിലെ യുകെജി വിദ്യാര്‍ഥിയാണ് കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണത്. എന്നാല്‍ മൂവര്‍ സംഘത്തിന്റെ സമയോചിതവും ധീരവുമായ നടപടിയിലൂടെ നാലുവയസുകാരന്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

കെറ്റ് ജില്ലാ എക്‌സിക്യുട്ടീവ് മെമ്പറും ട്രോമാകെയര്‍ പ്രവര്‍ത്തകനുമായ റഫീഖ് പരപ്പനങ്ങാടിയുടെ മക്കളാണ് റിഫാനും റിഷാനും ഇവരുടെ സഹോദരപുത്രനാണ് ദാനിഷ്.