കാസര്‍കോഡ് കടവില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ കുളത്തില്‍വീണു; രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Update: 2025-05-22 14:44 GMT

കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകന്‍ അഫാസ് (9), ഹൈദറിന്റെ മകന്‍ അന്‍വര്‍ (11) എന്നിവരാണു മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച അന്‍വറിന്റെ സഹോദരനാണ് ഹാഷിഖ്. കുളത്തിന്റെ പടവുകളില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളില്‍ മൂന്നുപേരാണ് കുളത്തിലേക്ക് വീണത്. പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രണ്ടുകുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.