വർക്കലയിൽ കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

പുലർച്ചെ മൂന്നു മണിയോടുകൂടി അയൽപക്കത്തുള്ളവർ വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

Update: 2020-09-15 02:00 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പുലർച്ചെ മൂന്നു മണിയോടുകൂടി അയൽപക്കത്തുള്ളവർ വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി വീട്ടിനുള്ളിൽ കയറി തീയണക്കുകയും ചെയ്തു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.

ശ്രീകുമാർ എംഇഎസ് കോൺട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് വ്യക്തമാക്കി.

Tags: