അത്താണി കൊലപാതകം; പ്രതികള്‍ പിടിയില്‍
വിനു വിക്രമന്‍, ഗ്രിന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്. തിരുത്തിശേരി വല്ലത്തുകാരന്‍ 'ഗില്ലാപ്പി' എന്നു വിളിക്കുന്ന ബിനോയിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്
കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ കുടിപ്പകയെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികള്‍ പിടിയില്‍. വിനു വിക്രമന്‍, ഗ്രിന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്. തിരുത്തിശേരി വല്ലത്തുകാരന്‍ 'ഗില്ലാപ്പി' എന്നു വിളിക്കുന്ന ബിനോയിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അത്താണി ബോയ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു ബിനോയ്.
ഈ മാസം പതിനേഴാം തിയതി രാത്രി എട്ടോടെയാണ് ആളുകള്‍ നോക്കിനില്‍ക്കേ കൊലപാതകം നടന്നത്. നേരത്തേ പ്രതികളായ അഖില്‍(25), അരുണ്‍(22), ജസ്റ്റിന്‍(28), ജിജീഷ് (38) എന്നിവരെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളില്‍ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവ ദിവസം രാവിലെ പ്രതികള്‍ അഖിലിന്റെ വീട്ടില്‍ ഒത്തുചേരുകയും രാത്രി അത്താണി ഡയാന ബാറിനു സമീപം ബനോയി ഉണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.ബിനോയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.
