പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വേലുകുട്ടിയെ പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മകന്‍ വിഷ്ണു ആരോപിച്ചു.

Update: 2021-07-23 06:10 GMT

പാലക്കാട്: സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പാലക്കാട് പറലോടി സ്വദേശിയായ കര്‍ഷകന്‍ വേലുകുട്ടിയാണ് ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാടിയായിരുന്നു വേലുകുട്ടി ജീവനൊടുക്കിയത്.

പലിശക്കാരുടെ ഭീഷണിയാണ് കര്‍ഷകന്റെ മരണത്തിന് പിന്നിലെന്നാണ് ആരോപണം. വേലുകുട്ടിയെ പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മകന്‍ വിഷ്ണു ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനത്ത് സാധാരണക്കാര്‍ ജീവനൊടുക്കുന്ന സംഭവം ആവര്‍ത്തിക്കുന്നതിനിടെയാണ് പാലക്കാട്ടെ സംഭവം.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വ്യാപാരി ജീവനൊടുക്കിയിരുന്നു. തച്ചോട്ട് കാവ് സ്വദേശി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനറി കട നടത്തുകയായിരുന്ന വിജയകുമാര്‍ കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ 7 മാസമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജീവനൊടുക്കിയത്. എഴ് മാസത്തെ കടമറി വാടക കുടിശ്ശിക, ബാങ്ക് ലോണ്‍ ഉള്‍പ്പെടെ നിരവധി കടബാധ്യതകള്‍ ഉണ്ടെന്നും മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

ഇതിന് പുറമെ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനൊടുക്കിയത്. വയനാട്ടില്‍ സ്വകാര്യ ബസ് ഉടമയും കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു.

Similar News