ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ അപകടത്തില്‍പെട്ടു; യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു

Update: 2024-05-26 09:08 GMT
കൊച്ചി: ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്.

മരിച്ച രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരാണ് അപകടത്തില്‍പെട്ടത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ മരണത്തിനു കീഴടങ്ങി. മൂന്നാമത്തെയാളുടെ നില ഗുരുതരമാണ്.

ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഇവിടെയെത്തിയത്. തുടര്‍ന്ന് ഇന്നു രാവിലെ എട്ടരയോടെ കുളിക്കാനായി ചാലക്കുടി പുഴയില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ കക്കവാരി മുന്നോട്ടു പോകുന്നതിനിടെ മൂന്നു പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

കരയ്ക്കുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.




Similar News