ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയവര്‍ ഇനി കുടുങ്ങും
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ 'സാരഥി'യിലേക്കു മാറ്റാന്‍ തുടങ്ങിയപ്പോഴാണ് ഒരു പേരില്‍, ഒരേ വിലാസത്തില്‍ ഒന്നില്‍ക്കൂടുതല്‍ ലൈസന്‍സുള്ളവരുടെ പട്ടിക അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തിരുവനന്തപുരം: ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയവര്‍ ഇനി കുടുങ്ങും. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ 'സാരഥി'യിലേക്കു മാറ്റാന്‍ തുടങ്ങിയപ്പോഴാണ് ഒരു പേരില്‍, ഒരേ വിലാസത്തില്‍ ഒന്നില്‍ക്കൂടുതല്‍ ലൈസന്‍സുള്ളവരുടെ പട്ടിക അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വാഹനനിയമലംഘനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെട്ടാലും പുതിയതിന് അപേക്ഷിക്കാറുണ്ട്. വീണ്ടും പിടിക്കപ്പെട്ടാല്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടത് അയോഗ്യതയായി കണക്കാക്കി ശിക്ഷ ഉയരുന്നത് ഒഴിവാക്കാനാണിത്. ഡാറ്റാ കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ ഇത്തരം ലൈസന്‍സുകള്‍ അസാധുവാകും. മുന്‍പ് ലൈസന്‍സ് എടുത്തിട്ടുള്ളതല്ലാത്ത ഡ്രൈവിങ് സ്‌കൂളില്‍നിന്ന് പഴയ വിലാസത്തില്‍ത്തന്നെ പുതിയ ലൈസന്‍സ് എടുക്കാം. മോട്ടോര്‍വാഹനവകുപ്പ് മുമ്പ് ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് മൂവ് സോഫ്റ്റ വെയറിലെ ന്യൂനതകാരണം ഈ ക്രമക്കേട് തടയാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നി പരിശോധിച്ചാല്‍മാത്രമേ മറ്റേതെങ്കിലും ഓഫീസില്‍നിന്ന് ലൈസന്‍സ് നല്‍കിയിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനാകൂ.
അതേസമയം 'സാരഥി' നിരപരാധികളെയും വലയ്ക്കുന്നുണ്ട്. 85 ലക്ഷം ഡ്രൈവിങ് ലൈസന്‍സ് ഉടമകളില്‍ ഭൂരിഭാഗംപേരും ഒന്നിലധികം മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളുടെ സേവനം തേടിയവരാണ്. ബൈക്ക് ലൈസന്‍സ് ഒരു ഓഫീസില്‍നിന്നും കാര്‍ ലൈസന്‍സ് വേറെ ഓഫീസില്‍നിന്നും എടുത്തവരുണ്ട്. ഇരു ഓഫീസുകളിലും ഇവരുടെ പേരില്‍ ലൈസന്‍സുള്ളതായി രേഖയുണ്ടാകും. 'സാരഥി' ഇത് ഇരട്ടിപ്പായി കാണുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും. ലൈസന്‍സ് പുതുക്കാന്‍ശ്രമിക്കുമ്പോഴോ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമ്പോഴോ ആകും തടസ്സമുണ്ടാകുക. ഇത് മാറ്റണമെങ്കില്‍ ഏതെങ്കിലും ഓഫീസില്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഓഫീസുകള്‍ തുറന്നപ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും ഇത്തരത്തില്‍ തടസ്സങ്ങളുണ്ടായി. ഇവര്‍ക്കായി ഇ-മെയിലില്‍ സത്യവാങ്മൂലം സ്വീകരിച്ച് കരിമ്പട്ടികയില്‍ നിന്ന് മാറ്റുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിഗണനയിലാണ്.
