തിരുവനന്തപുരം മേയര്‍ ആര്യ ബസ് തടഞ്ഞ കേസ് അട്ടിമറിച്ചു; ഒരു ലക്ഷം നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവര്‍
തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പോലിസിനും വക്കീല്‍ നോട്ടിസ് അയച്ച്, ബസിന്റെ ഡ്രൈവറായിരുന്ന എല്‍ എച്ച് യദു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലിസ് മേധാവി, കന്റോണ്‍മെന്റ് എസ്ഐ എന്നിവര്‍ക്കാണ് അഭിഭാഷകന്‍ അശോക് പി നായര്‍ വഴി യദു നോട്ടിസ് അയച്ചത്.
കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റവിമുക്തരാക്കി റിപോര്‍ട്ട് നല്‍കിയ നടപടി നീതിയുക്തമല്ലെന്നും 15 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും നോട്ടിസില്‍ പറയുന്നു. ഏപ്രില്‍ 28ന് നടുറോഡില്‍ മേയര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടര്‍ന്നു തര്‍ക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.