ഗവേഷണം നടത്താം, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാം; ചെന്നൈ ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ ട്രെസ്റ്റ്

വ്യവസായ, അക്കാദമിക് സഹകരണത്തിലൂടെ ശാസ്ത്ര സാങ്കേതിക ഗവേഷണമാണ് ട്രെസ്റ്റ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസം കൂടുതല്‍ പ്രായോഗികവും വ്യവസായാവശ്യങ്ങള്‍ക്ക് അനുസൃതവുമാക്കാന്‍ ട്രെസ്റ്റിലൂടെ സാധിക്കും.

Update: 2019-01-22 10:11 GMT

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണം നടത്താനും ഇതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കാനും വിപുലമായ സംവിധാനമൊരുങ്ങുന്നു. ചെന്നൈ ഐഐടി റിസര്‍ച്ച് പാര്‍ക്കിന്റെ മാതൃകയില്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലാണ് തിരുവനന്തപുരം എന്‍ജിനിയറിങ് സയന്‍സ് ആന്റ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ കോളജിന്റെ ഭാഗമായി ചെറിയ രീതിയില്‍ പ്രവര്‍ത്തനം നടത്തിയിരുന്ന ട്രെസ്റ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്. ഇതോടെ കൂടുതല്‍ ഗവേഷണം സാധ്യമാവും. വ്യവസായ, അക്കാദമിക് സഹകരണത്തിലൂടെ ശാസ്ത്ര സാങ്കേതിക ഗവേഷണമാണ് ട്രെസ്റ്റ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസം കൂടുതല്‍ പ്രായോഗികവും വ്യവസായാവശ്യങ്ങള്‍ക്ക് അനുസൃതവുമാക്കാന്‍ ട്രെസ്റ്റിലൂടെ സാധിക്കും.

അപ്ലൈഡ് റിസര്‍ച്ചിന്റെ സാധ്യതകള്‍ പരിശോധിച്ച് വാണിജ്യസാധ്യതയുള്ള ഗവേഷണങ്ങള്‍ നടത്താന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രോല്‍സാഹനം നല്‍കും. നിലവില്‍ വിദ്യാര്‍ഥികളുടെ ഇന്‍കുബേഷന്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഇന്‍കുബേഷന്‍ സെന്ററുകളില്‍ ഉള്‍പ്പെടുത്തും. വ്യവസായ സംരംഭകര്‍ക്ക് ഗവേഷണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് മിതമായ നിരക്കില്‍ ട്രെസ്റ്റ് പാര്‍ക്കില്‍ സ്ഥലം അനുവദിക്കും.

20,000 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം 24ന് രാവിലെ 11.45ന് മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍വഹിക്കും. ട്രെസ്റ്റ് പാര്‍ക്കും സിഇടിയും ഹാര്‍ഡ്വെയര്‍ മിഷനും തമ്മില്‍ ധാരണാപത്രവും ഒപ്പുവയ്ക്കും. ഇലക്ട്രിക് മൊബിലിറ്റി, ഇലക്ട്രോണിക്സ് ഗവേഷണം എന്നീ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ട്രെസ്റ്റും ഹാര്‍ഡ്വെയര്‍ മിഷനും ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. സിഇടിയിലെ വിവിധ വകുപ്പുകള്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും.

Tags:    

Similar News