തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കും. സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Update: 2019-02-27 03:34 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമപോരാട്ടം ആരംഭിക്കുന്നു. ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കും. സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനവുമായി കേന്ദ്രമുണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സര്‍ക്കാരിന്റെ വാദം.

ഭൂമി ഏറ്റെടുക്കാന്‍ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കാമെന്ന വ്യവസ്ഥ പാലിച്ചില്ല. 2005ല്‍ 324 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. ഈ ഭൂമി മറ്റാര്‍ക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരേ സമരം ചെയ്യുന്ന ആക്ഷന്‍ കൗണ്‍സിലും ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യവല്‍ക്കരണത്തിനെതിരേ രണ്ട് യാത്രക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലേലനടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നില്ല.

Tags:    

Similar News