തിരുവല്ല സ്പാ ബലാല്‍സംഗ കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

Update: 2026-02-11 17:30 GMT

തിരുവല്ല: സ്പായിലെ കൂട്ടബലാല്‍സംഗ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ഇന്നലെ രാത്രിയോടെ ഒളിവില്‍ കഴിഞ്ഞിരുന്ന കിരണ്‍ തോമസും സാജന്‍ തോമസും പോലിസ് സ്റ്റേഷനില്‍ എത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു. രാത്രിയോടെ ഇവരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. ബെംഗളുരുവില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും പിടിയിലായതോടെയാണ് കിരണും സാജനും കീഴടങ്ങിയത്.

അതേസമയം, ഒരാള്‍ കൂടി പിടിയില്‍ ആകാന്‍ ഉണ്ട് എന്നാണ് പോലിസ് നല്‍കുന്ന വിവരം. സംഭവത്തിന് പിന്നില്‍ ഗുണ്ടാപ്പിരിവാണോ അതോ കൊട്ടേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടോ എന്നുള്ള കാര്യവും പോലിസ് പരിശോധിക്കുന്നു. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സ്പായില്‍ ജീവനക്കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയത്. അതിജീവിതയുടെ സഹപ്രവര്‍ത്തകയെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായില്‍ എത്തിയതാണ് സുബിന്‍ അലക്‌സാണ്ടര്‍ അടക്കം ആറ് പേര്‍. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങളും മൊബൈലില്‍ ചിത്രീകരിച്ചു. ഈ സമയം സ്പായില്‍ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്‌തെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ സംഭവത്തിന് ശേഷം സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.