തിക്കോടിയില്‍ തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു

തിക്കോടി പഴയ തിയറ്റര്‍ റോഡില്‍ അരീക്കര വയല്‍കുനി പൗര്‍ണമിയില്‍ പരേതനായ റിട്ട.ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഉദ്യോഗസ്ഥന്‍ കുഞ്ഞിരാമന്റെ ഭാര്യ ചന്ദ്രിക (70) അണിഞ്ഞിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.

Update: 2020-06-11 12:48 GMT

പയ്യോളി: തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് മോഷ്ടാവ് 12 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. തിക്കോടി പഴയ തിയറ്റര്‍ റോഡില്‍ അരീക്കര വയല്‍കുനി പൗര്‍ണമിയില്‍ പരേതനായ റിട്ട.ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഉദ്യോഗസ്ഥന്‍ കുഞ്ഞിരാമന്റെ ഭാര്യ ചന്ദ്രിക (70) അണിഞ്ഞിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ഒരുപവന്‍ വീതമുള്ള നാല് വളകളും രണ്ട് പവന്റെ ഒരുവളയും ആറ് പവന്റെ താലിമാലയുമാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പുറത്തുനിന്ന് വിളികേട്ട് വാതില്‍ തുറന്ന ഉടന്‍ മോഷ്ടാവ് വീട്ടമ്മയെ തള്ളിത്താഴെയിടുകയായിരുന്നു. പിന്നീട് ഇവരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടത്. ഇതിനിടയില്‍ അബോധാവസ്ഥയിലായ വീട്ടമ്മയ്ക്ക് രാത്രി ഏറെ വൈകിയാണ് ബോധം തിരിച്ചുകിട്ടിയത്.

ഇന്ന് രാവിലെയാണ് അയല്‍വാസികളും ബന്ധുക്കളും വിവരമറിയുന്നത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ കണ്ണിനും നാവിനും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പി ഡോ: ശ്രീനിവാസ്, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, മേപ്പയൂര്‍ സിഐ അനൂപ്, പയ്യോളി എസ്‌ഐ പി എസ് സുനില്‍കുമാര്‍, പി രമേശന്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. 

Tags: