പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ തെറ്റില്ല, പിഎം ഉഷയില്‍ ഒപ്പിട്ടതും കാബിനറ്റ് കാണാതെ: എ എ റഹീം എംപി
സിപിഐയുടെ പരാതികള്‍ പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ ആരോഗ്യം ഇടത് മുന്നണിക്കുണ്ട്
തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ തെറ്റില്ലെന്നും, ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും എ എ റഹീം എംപി. സാമ്പത്തികമായ ഒരു സാഹചര്യത്തെ മറികടക്കാനുള്ള നീക്കമായിരുന്നു. അനിവാര്യമായ സാഹചര്യത്തിലാണ് അത് ചെയ്തത്. ദുര്‍ബലരായ മനുഷ്യരാണ് പല തൊഴിലാളികളും. അവരെ സഹായിക്കാന്‍ കൂടിയുള്ള നീക്കമാണ് നടത്തിയത്. പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ തെറ്റില്ല. നേരത്തെ പിഎം ഉഷയില്‍ ഒപ്പിട്ടതും കാബിനറ്റ് കാണാതെയാണെന്നും എ എ റഹീം പറഞ്ഞു.
പിഎം ശ്രീയില്‍ എന്താണ് പ്രശ്നമെന്ന് കോണ്‍ഗ്രസിന് അവരുടെ വര്‍ക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അവരാണ് സിപിഐയെ കുറിച്ച് ചോദിക്കുന്നത്. സിപിഐ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ക്ക് അവരുടെ വിമര്‍ശനം ഉന്നയിക്കാം. അവരുടെ പരാതികള്‍ പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ ആരോഗ്യം ഇടത് മുന്നണിക്കുണ്ടെന്നും എ എ റഹീം പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പരിശോധിക്കുമെന്നും റിപോര്‍ട്ട് വരുന്നതുവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പിഎം ശ്രീ പരിശോധിക്കുക. പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
പിഎം ശ്രീ പദ്ധതി പുനപരിശോധിക്കുന്നതിനും റിപോര്‍ട്ട് തയ്യാറാക്കുന്നതിനുമായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷന്‍. റവന്യൂ മന്ത്രി കെ രാജന്‍, വ്യവസായ മന്ത്രി പി രാജീവ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, കൃഷി മന്ത്രി പി പ്രസാദ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, വനം മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ കടുത്ത നിലപാടിന് വഴങ്ങിയാണ് സിപിഎം നേതൃത്വം പിഎം ശ്രീ പദ്ധതി തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
