മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനില്ല; കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത

Update: 2024-04-09 14:59 GMT
കണ്ണൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം അതിരൂപത എടുത്തിട്ടില്ല. കെസിവൈഎമ്മിന്റേതായി വന്ന നിര്‍ദേശം രൂപതയുടേതല്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.

ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തിരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ശക്തമായ നിലപാട് സ്വീകരിച്ച് കേരള സ്റ്റോറിക്കെതിരെ രംഗത്ത് വന്നു.









Tags: