ലോക്ക്ഡൗണിന്റെ മറവിൽ മോഷണം; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലും പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ പോലിസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.

Update: 2020-05-05 08:15 GMT

കൊല്ലം: കഴിഞ്ഞ ഒരുമാസമായി ലോക്ക്ഡൗണിന്റെ മറവിൽ മണപ്പള്ളി, പാവുമ്പ പ്രദേശങ്ങളിലെ വിവിധ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും മോഷണം നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം മംഗലപുരം ചെമ്പകമംഗലം കോണത്ത് പുത്തൻവീട്ടിൽ അയ്യപ്പൻ (33) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ആഴ്ചയിലാണ് പാവുമ്പ പാലമൂട് ക്ഷേത്രത്തിലെ ഓഫീസ് മുറിയും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് മോഷണം നടത്തിയത്. തൊടിയൂർ ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി, പാവുമ്പ ഷാപ്പ് മുക്കിലെയും മണപ്പള്ളി കാരാളി ജങ്ഷനിലെയും മൊബൈൽ കടകൾ, മണപ്പള്ളി റെയിൽവേ ക്രോസിന് സമീപത്തെ പള്ളിയിലെ കാണിക്കവഞ്ചി,  ഓച്ചിറ കുരിശുംമൂട് ജങ്ഷനിലെ മൂന്ന് കാണിക്കവഞ്ചി തുടങ്ങിയവ കുത്തിത്തുറന്നും ഇയാൾ മോഷണം നടത്തി. മണപ്പള്ളി മുസ്ലിം പള്ളിയിലും മോഷണശ്രമം നടത്തി.

ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലും പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ പോലിസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കുപ്രസിദ്ധ ഗുണ്ടയായ കടവി രഞ്ചിത്തിനെ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് കുത്തിയ കേസിലും നിരവധി അടിപിടി കേസിലും മോഷണ കേസുകളിലും ഇയാൾ പ്രതിയാണെന്ന് കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് മഞ്ജുലാൽ പറഞ്ഞു.

അഞ്ചു മാസം മുൻപ് വിയ്യൂർ ജയിലിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ മണപ്പള്ളി, പാവുമ്പ പ്രദേശങ്ങളിൽ എത്തിയത്. പാവുമ്പ കാളിയൻചന്തയ്ക്ക് സമീപം ആൾതാമസമില്ലാത്ത ഒരു വീടിന്റെ ടെറസിലും മറ്റുമായാണ് താമസിച്ചിരുന്നതെന്ന് പോലിസ് പറയുന്നു. മോഷ്ടിച്ച ഫോണുകളും കാണിക്കവഞ്ചിയിൽനിന്ന് കവർന്ന പണവും കണ്ടെത്തിയിട്ടുണ്ട്. 

Tags:    

Similar News