11 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

പരപ്പനങ്ങാടി സ്‌റ്റേഷനില്‍ മുജീബ് റഹ്മാനെതിരെ നിലവില്‍ 11 കേസുകള്‍ ഉണ്ട്. അതില്‍ അവസാന 7 കേസുകളിലാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്.

Update: 2022-08-21 03:12 GMT

മലപ്പുറം: ഗുണ്ടാ ആക്ട് കപ്പ പ്രകാരം വൈഡ് മുജീബെന്ന മുജീബ് റഹ്മാനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവായി. പരപ്പനങ്ങാടി ചാപ്പപ്പടിയിലെ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്മാന്‍ (43) എന്നയാള്‍ക്കെതിരേ തൃശൂര്‍ റേഞ്ച് ഡിഐജിയുടെ മലപ്പുറം റവന്യു ജില്ലയില്‍ സഞ്ചാര നിയന്ത്രണ ഉത്തരവ് നിലവില്‍ വന്നു. പരപ്പനങ്ങാടി എസ്എച്ച്ഒയുടെയും ജില്ലാ പോലിസ് മേധാവിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നിയമ വ്യവസ്ഥയ്ക്കും സമൂഹത്തിനും പൊതുജനങ്ങള്‍ക്കുമെതിരേ നിലകൊള്ളുന്നതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതും വീണ്ടും ഏര്‍പ്പെടാന്‍ സാധ്യതയുള്ളതുമായ വ്യക്തികള്‍ക്കെതിരെയാണ് കപ്പ നിയമപ്രകാരം ഒരു വര്‍ഷക്കാലത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് ഉണ്ടാകുന്നത്.

പരപ്പനങ്ങാടി സ്‌റ്റേഷനില്‍ മുജീബ് റഹ്മാനെതിരെ നിലവില്‍ 11 കേസുകള്‍ ഉണ്ട്. അതില്‍ അവസാന 7 കേസുകളിലാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്. പരപ്പനങ്ങാടി സ്വദേശിയായ റസാഖ് എന്നയാളെ 2016ല്‍ ആനങ്ങാടി എഎംഎല്‍പി സ്‌കൂളില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചത്, 2021 മാര്‍ച്ച് മാസത്തില്‍ പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ വച്ച് അസൈനാര്‍ എന്നയാളെ ദേഹോപദ്രവം ഏല്‍പിച്ചത്, 2021 മാര്‍ച്ച് മാസത്തില്‍ പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ വച്ച് സക്കറിയ എന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ചത്, 2021 മെയ് മാസത്തില്‍ സെമീര്‍ എന്നയാളെ ചാപ്പപ്പടിയില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചത് , 2021 മെയ് മാസത്തില്‍ ഷംസു എന്നയാളെ ചാപ്പപ്പടിയില്‍ വച്ച് ദേഹോപദ്രവം ഏല്‍പിച്ചത് എന്നീ കേസുകളിലേക്കാണ് മുജീബിനെതിരേ ഗൂണ്ടാ ആക്ട് പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്.

മുജീബ് റഹ്മാന്‍ നിലവില്‍ പരപ്പനങ്ങാടി സ്‌റ്റേഷന്‍ റൗഡിയും 107 സിആര്‍പിസി പ്രകാരം ജാമ്യത്തില്‍ കഴിയുന്നയാളുമാണ്. ഗുണ്ടാ ആക്ട് പ്രകാരം ജില്ലയില്‍ പ്രവേശന വിലക്കുള്ള ഈ കാലയളവില്‍ മുജീബ് പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കുന്നതാണ്.

Tags:    

Similar News