ട്രയൽ കഴിഞ്ഞു; തിങ്കള്‍ മുതൽ വിക്‌ടേഴ്‌സിൽ പുതിയ ക്ലാസുകൾ

തമിഴ് മീഡിയം കന്നട മീഡിയം ക്ലാസുകള്‍ യൂ ട്യൂബ് ലിങ്കിലും ലഭ്യമാക്കും. ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ് തമിഴ്, കന്നട ക്ലാസുകള്‍.

Update: 2020-06-13 10:00 GMT

തിരുവനന്തപുരം: ഫസ്റ്റ്ബെൽ പദ്ധതിക്ക് തിങ്കളാഴ്ച മുതല്‍ മാറ്റം. പുതിയ ടൈംടേബിളായിരിക്കും തിങ്കള്‍ മുതല്‍. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചത്.

വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കില്‍ വരിക്കാര്‍ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേര്‍ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേര്‍ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസുകള്‍ കാണുകയുണ്ടായി.

രാവിലെ എട്ടര മുതല്‍ നേരത്തെ അറിയിച്ച സമയക്രമം അനുസരിച്ചായിരിക്കും ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് കൈറ്റ് വിക്ടേഴ്സിന്റെ വിലയിരുത്തല്‍. ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്ക് അനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍.

തമിഴ് മീഡിയം കന്നട മീഡിയം ക്ലാസുകള്‍ യൂ ട്യൂബ് ലിങ്കിലും ലഭ്യമാക്കും. ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ് തമിഴ്, കന്നട ക്ലാസുകള്‍. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകളുടെ പുനസംപ്രേഷണം.

Tags: