തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്ത് എത്തിചേരും, മണ്ഡലപൂജ നാളെ

Update: 2025-12-26 03:33 GMT

പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്ത് എത്തിചേരും. വൈകിട്ട് മൂന്നിന് പമ്പയില്‍നിന്ന് പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. 6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് 23ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ശബരിമലയിലെത്തുന്നത്. ആറന്മുളയില്‍ തങ്ക അങ്കി ദര്‍ശിക്കാനും കാണിക്ക അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.

400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പത്തനംതിട്ട എആര്‍ ക്യാമ്പിലെ സായുധ പോലിസ് സംഘവുമുണ്ട്.






Tags: