സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന അഭിനവ പ്രവണതകൾക്കെതിരേ സമൂഹം ജാഗരൂകരാകണം ജമാ അത്ത് കൗൺസിൽ

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിറന്നമണ്ണിന്റെ മോചനത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ വിസ്മരിക്കുന്നത് സ്വന്തം വേരുകൾ നഷ്ടപ്പെടുത്തലാണ്.

Update: 2022-08-14 15:52 GMT

കോട്ടയം: സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന അഭിനവ പ്രവണതകൾക്കെതിരേ സമൂഹം ജാഗരൂകരാകണമെന്ന് തിരുനക്കര പുത്തൻ പള്ളി ചീഫ് ഇമാം മഹ്മൂൻ ഹുദവി. കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരവും രക്തസാക്ഷികളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിറന്നമണ്ണിന്റെ മോചനത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ വിസ്മരിക്കുന്നത് സ്വന്തം വേരുകൾ നഷ്ടപ്പെടുത്തലാണ്. രക്തസാക്ഷികളെ ഇല്ലാതാക്കിയും ചരിത്രം പുനർനിർമ്മിച്ചും വർഗീയതയുടെ വിഷവിത്തുകൾ വാരിവിതറി സ്വാതന്ത്ര്യത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്ന അഭിനവ പ്രവണതകൾക്കെതിരേ സമൂഹം ജാഗരൂകരാകണമെന്നും മഹ്മൂൻ ഹുദവി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത എല്ലാ സമര സേനാനികളെയും രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത ആളുകളെ അനുസ്മരിക്കുന്നതിനോടൊപ്പം അവരുടെ ചരിത്രവും പഠിച്ചാൽ മാത്രമേ യുവതലമുറയ്ക്ക് സ്വയം പ്രബുദ്ധത അവകാശപ്പെടാൻ ആകൂ എന്ന് വിഷയാവതരണം നടത്തിയ താജ് ജുമാ മസ്ജിദ് ചീഫ് ഇമാം എ പി ഷിഫാർ മൗലവി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ വേണ്ടിയും ഏറ്റവും ഉന്നതമായ ഏറ്റവും മഹത്തായ ഭരണഘടനയുടെ നിലനിൽപ്പിനു വേണ്ടി ഇനി മുതൽ നാം നിലകൊള്ളുക എന്നുള്ളതും രാജ്യത്തിന്റെ മതേതരത്വം ജനാധിപത്യവും തകർന്നു പോകാതിരിക്കാൻ വേണ്ടി രാജ്യത്തിന്റെ മഹത്തായ ഭരണഘടന നഷ്ടപ്പെടാതിരിക്കാൻ വേണ്ടി എല്ലാ ജനാധിപത്യ വിശ്വാസികളും ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ എങ്ങനെയാണ് സ്വാതന്ത്ര്യ സമരത്തിൽ നാം ഒറ്റക്കെട്ടായി പങ്കെടുത്തത് ഇനിയുള്ള കാലഘട്ടങ്ങളിൽ അത് പിന്തുടരുവാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് എംബി അമീൻഷാ അധ്യക്ഷത വഹിച്ചു. ത്വാഹാ മൗലവി അൽ ഹസനി,നന്തിയോട് ബഷീർ, വി ഒ അബുസാലി, ടിപ്പു മൗലാന തുടങ്ങിയവർ സംസാരിച്ചു.

Similar News