പമ്പാ ഡാമിന്റെ ആറ് ഷട്ടറുകള്‍ അടച്ചു

82 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്.

Update: 2020-08-10 01:43 GMT

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍ണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലര്‍ച്ചെ അടച്ചത്. ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്.

ഡാമിന്റെ ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയില്‍ 30-40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയില്‍ ചേരുന്നത്. അവിടംമുതല്‍ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു.

പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് തുറന്ന ആറ് ഷട്ടറുകളും അടച്ചത്. 986.332 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമില്‍ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.

Similar News