സഞ്ചാര സൗകര്യമില്ലാതെ ഇന്നും ഒറ്റപ്പെട്ട് കിടക്കുന്ന കുഴൂരിലെ ആറ് തുരുത്തുകൾ
ആലമിറ്റം, ചെത്തിക്കോട്, കക്കാട്ട്തറ, തെക്കേതിരുത്ത, വടക്കേതിരുത്ത, എളയാനം എന്നീ തുരുത്തുകളിലെ 180 ല്‍പ്പരം വരുന്ന കുടുംബങ്ങളാണ് ദശാബ്ദങ്ങളായി അങ്ങേയറ്റം ദുരിതമനുഭവിക്കുന്നത്.
സലീം എരവത്തൂർ
മാള: ഒറ്റപ്പെട്ട ആറ് തുരുത്തുകളിലേക്ക് മഴക്കാലത്തും സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നയിടങ്ങളില്‍ സുഗമമായ യാത്രാസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും കുഴൂരിലെ ചില തുരുത്തുകള്‍. പതിറ്റാണ്ടുകളായി തുടരുന്ന ദുരിതങ്ങളില്‍ നിന്നും മോചനമില്ലാതെയാണ് ആറ് തുരുത്തുകളിലെ ജനങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്.
കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്ക് പടിഞ്ഞാറേയറ്റത്ത് ഒറ്റപ്പെട്ടെന്നോണം കിടക്കുന്ന ആലമിറ്റം, ചെത്തിക്കോട്, കക്കാട്ട്തറ, തെക്കേതിരുത്ത, വടക്കേതിരുത്ത, എളയാനം എന്നീ തുരുത്തുകളിലെ 180 ല്‍പ്പരം വരുന്ന കുടുംബങ്ങളാണ് ദശാബ്ദങ്ങളായി അങ്ങേയറ്റം ദുരിതമനുഭവിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ദുരിതങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. വേനലായാലും വര്‍ഷക്കാലമായാലും ഇവിടങ്ങളിലുള്ളവര്‍ക്ക് ദുരിതങ്ങള്‍ക്ക് വലിയ തോതിലുള്ള വ്യത്യാസമൊന്നുമില്ല. മഴക്കാലമായാല്‍ ജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകുമെന്നതും വീടുകള്‍ക്കകത്ത് വരെ വെള്ളം കയറുമെന്നതുമാണ് കാര്യമായ വ്യത്യാസം.
പാടശേഖരങ്ങള്‍ക്ക് നടുവിലായാണീ തുരുത്തുകള്‍ സ്ഥിതി ചെയ്യുന്നത്. പാടശേഖരങ്ങളിലൂടെയുള്ള വീതി കുറഞ്ഞ ചെറിയ പാതകളാണ് ഏക സഞ്ചാര മാര്‍ഗ്ഗം. കിലോമീറ്ററുകള്‍ വ്യത്യാസമുള്ള തുരുത്തുകള്‍ തമ്മില്‍ പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ കാല്‍നടയോ സൈക്കിളും ബൈക്കുകളുമോ മാത്രമാണ് ആശ്രയം. കുണ്ടൂരിലോ കണക്കന്‍കടവിലോ ബസ്സിറങ്ങി കിലോമീറ്ററുകളോളം നടന്നാണ് ഒന്നാംതരം മുതലുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും കൂലിപ്പണി മുതല്‍ ഓഫീസ് ജോലി വരെയുള്ള തൊഴിലെടുക്കുന്നവരും മറ്റു യാത്രക്കാരും അവിടങ്ങളിലേക്കും തിരികെ ഭവനങ്ങളിലേക്കും വർഷങ്ങളായി എത്തുന്നത്.
കുണ്ടൂര്‍ നിന്നും കണക്കന്‍കടവില്‍ നിന്നും തുരുത്തിലേക്ക് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട്. മറ്റു തുരുത്തുകളിലേക്ക് അതിലേറെ ദൂരമുണ്ട്. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും ഏറെ ദുരിതമാണ്. റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം നടന്നോ മറ്റോ എത്തണം. തുരുത്തുകളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനും യുവാക്കള്‍ക്ക് മറ്റു നാടുകളില്‍ നിന്നും പെണ്‍കുട്ടികളെ വിവാഹം ചെയ്യാനായി ലഭിക്കാത്തതുമായ അവസ്ഥ വരെയുണ്ട്.
നല്ലൊരു റോഡ് പോലുമില്ലാത്ത തുരുത്തുകളിലെ ജനങ്ങള്‍ സുഖമമായ സഞ്ചാരത്തിനുള്ള മാര്‍ഗ്ഗമടക്കമുള്ളവക്കായി മുട്ടാത്ത വാതിലുകളില്ല. ശക്തമായ രണ്ട് മഴ പെയ്താല്‍ പോലും ദുരിതങ്ങളുടെ വ്യാപ്തി കൂടും. മഴക്കാലത്ത് വെള്ളം കയറി തുരുത്തുകള്‍ ഒറ്റപ്പെടും. ദിവസങ്ങളോളം തുടരുന്ന വെള്ളക്കെട്ട് തുരുത്തുകളിലെ ജീവിതം നരകതുല്ല്യമാക്കും. ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും വഞ്ചിയിട്ടു കൊടുക്കുവാന്‍ ബാദ്ധ്യസ്ഥരാണെങ്കിലും പലപ്പോഴും അതുണ്ടാകാറില്ല. വഞ്ചിയിടാന്‍ തയ്യാറായാല്‍ തന്നെ വെള്ളം ഇറങ്ങിതുടങ്ങുമ്പോള്‍ മാത്രമാണ് എത്തുന്നത്.
തുരുത്തുകാര്‍ സംഘടിച്ചാണ് പലപ്പോഴും വഞ്ചിയിടുന്നത്. ഓരോ യാത്രക്കും പത്ത് രൂപയെങ്കിലും ഓരോരുത്തരും ചിലവഴിക്കേണ്ടി വരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് മുകുന്ദപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കെപി ധനപാലന്‍ എംപി യായി ചുമതലയേറ്റ് ഏറെ വൈകാതെ റോഡ് നിര്‍മ്മാണത്തിനായി ഫണ്ടനുവദിച്ചിരുന്നു. കുണ്ടൂര്‍ എക്സ് സര്‍വ്വീസ്മെന്‍ ഭാഗത്ത് നിന്നും തുടങ്ങി ചെത്തിക്കോട് -തിരുത്ത-എളയാനം വഴി കണക്കന്‍കടവിലേക്ക് റോഡ് പണിയാനായി രണ്ടു കോടി രൂപ അന്നനുവദിച്ചതെന്നാണ് പ്രചാരണമുണ്ടായത്.
ടിഎന്‍ പ്രതാപന്‍ എംഎല്‍എ ആയെത്തിയപ്പോഴും റോഡിന് വേണ്ടി ഫണ്ടനുവദിച്ചതായി പ്രചാരണമുണ്ടായി. ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി രണ്ട് വട്ടമാണ് ഫ്ലക്സ് ബോര്‍ഡ് വച്ചത്. ഫ്ലക്സ് ബോര്‍ഡുകള്‍ വച്ച് പ്രചാരണമുണ്ടായതല്ലാതെ യാതൊരു നീക്കവും ഇക്കാര്യത്തിലുണ്ടായില്ല. അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ 500 ഉം 700 ഉം വരെ കോടികള്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ചെലവഴിച്ചെന്ന് ടിഎന്‍ പ്രതാപനും സംഘവും പ്രചാരണം നടത്തിയതിന്‍റെ നേര്‍ ചിത്രമാണിതെല്ലാം.
നിലവിലുള്ള വിആര്‍ സുനില്‍കുമാര്‍ എംഎല്‍എയും ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പുകളെത്തുമ്പോള്‍ പുതുപുതു വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാരെത്തുന്നതല്ലാതെ യാതൊരു നീക്കവും തുരുത്തുകളിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായുണ്ടാകാറില്ല. കെ കരുണാകരന്‍ മുഖ്യമന്ത്രിയുമായടക്കം മാളയെന്ന പഴയ നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തിരുന്ന സമയത്ത് തുടങ്ങിയ പാഴ് വാഗ്ദാനങ്ങളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
പാടശേഖരത്തില്‍ നിന്നും കളിമണ്‍ ഖനനം നടത്തിയതും ഏറെ ദുരിതങ്ങള്‍ക്ക് കാരണമാകുന്നു. റോഡുകള്‍ക്കരികില്‍ നിന്നുവരെ കളിമണ്‍ ഖനനം നടത്തിയിട്ടുണ്ട്. ടിപ്പറുകള്‍ തലങ്ങും വിലങ്ങും ഓടുന്നത് ഉള്ള റോഡിനെ പോലും സഞ്ചാരയോഗ്യമല്ലാതാക്കുന്നു. കളിമണ്ണെടുത്ത് കുളങ്ങളായിടത്ത് വീണ് മരണം വരെയുണ്ടായിട്ടും കളിമണ്‍ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുകയാണ് ഉത്തരവാദപ്പെട്ടവര്‍.
ആറ് തുരുത്തുകളും തമ്മില്‍ മഴക്കാലത്തും സഞ്ചരിക്കാവുന്ന തരത്തിലുള്ള ഗുണമേന്‍മയുള്ള റോഡും മറ്റ് സൗകര്യങ്ങളുമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. അവഗണന ഇനിയും തുടര്‍ന്നാല്‍ വോട്ട് ബഹിഷ്കരണമടക്കമുള്ള സമരപരിപാടികളുമായി ദുരിതബാധിതര്‍ രംഗത്ത് ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തെ അടുത്ത നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നയാൾ വിആർ സുനിൽകുമാറോ എംപി ജാക്സനോ മറ്റാരായിരുന്നാലും ഇക്കാര്യത്തിൽ അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്നാണ് ഉയരുന്ന ആവശ്യം.

