കേരളത്തില്‍ കമ്മ്യൂണിസത്തില്‍ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ ഭരണം: നെല്ലൈ മുബാറക്

Update: 2025-06-10 14:19 GMT

നിലമ്പൂര്‍: കേരളത്തില്‍ കമ്മ്യൂണിസത്തില്‍ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ ഭരണമാണ് നടക്കുന്നതെന്ന് എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് പറഞ്ഞു. നിലമ്പൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ: സാദിഖ് നടുത്തൊടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഇടത് വലത് രാഷ്ട്രീയം ട്രിപ്പിള്‍ സി യില്‍ അധിഷ്ഠിതമാണെന്നും കറപ്ഷന്‍ കമ്മ്യൂണല്‍, കോര്‍പ്പറേറ്റ് സഖ്യത്തിന്റെ കൂട്ടുഭരണമാണ് നടക്കുന്നത്. ജനകീയ വികസനം കേട്ടുപഴകിയ വായ്ത്താരിയായി മാറ്റിയ ഇത്തരത്തിലുള്ളക്കാരെ ഒഴിപ്പിക്കാനും രാഷ്ട്രീയ മാറ്റം ഉറപ്പാക്കാനും ജനങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്.

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ നിസാരവല്‍ക്കരിക്കരുത്. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ ചൂണ്ടുപലകയാണ് ഈ ഉപതിരഞ്ഞെടുപ്പ്. രാഷ്ട്രീയ മാറ്റത്തിനും നിലമ്പൂരിന്റെ സമഗ്ര വികസനത്തിനും അഡ്വ. സാദിഖ് നടുത്തൊടി തെരഞ്ഞെടുക്കപെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹത്തിന് വോട്ട് നല്‍കണമെന്നും നെല്ലൈ മുബാറാക് പറഞ്ഞു.

കേരളത്തില്‍ എസ്ഡിപിഐ മുന്നോട്ടു വച്ച മുദ്രാവാക്യങ്ങളാണ് അടുത്തിടെ എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വര്‍ ഏറ്റെടുക്കുന്നതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ പറയാന്‍ ധൈര്യം ഇല്ലാതെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ പറയുന്നതിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ പി അബ്ദുള്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ഉസ്മാന്‍ കരുളായി, എന്‍ മുജീബ്, കെകെ മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.




Tags: