പഞ്ചായത്ത് സെക്രട്ടറിയുടെ ഒരുദിവസത്തെ അവധിയിൽ തകർന്നത് 13 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം

മുസ് ലിം, ദലിത് വിഭാ​ഗങ്ങളിലുള്ള പതിമൂന്ന് കുടുംബങ്ങളാണ് ഈ വർഷം ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടത്.

Update: 2020-06-29 12:39 GMT

കാളികാവ്: പഞ്ചായത്ത് സെക്രട്ടറിയുടെ ഒരു ദിവസത്തെ അവധിയിൽ തകർന്നത് 13 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം. ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ ധാരണാപത്രം ഒപ്പുവയ്ക്കാൻ കഴിയാത്തതാണ് കാരണം. ഈ മാസം 30 ന് മുമ്പ് ധാരണാപത്രം ഒപ്പുവയ്ക്കണം എന്നായിരുന്നു നിബന്ധന.

വെള്ളയൂർ നാല് സെന്റ് കോളനിയിലെ ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖ നൽകാനാകാത്തതാണ് വീടെന്ന സ്വപ്നത്തിന് മങ്ങലേറ്റത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട 13 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശ രേഖ ലഭിക്കാത്തതിനാലാണ് ജൂൺ 30 ന് മുമ്പ് പദ്ധതിയിൽ ധാരണാപത്രം ഒപ്പുവയ്ക്കണം എന്ന നിബന്ധന പാലിക്കാൻ കഴിയാതെ പോയത്.

ഈ മാസം മുപ്പതിന് മുമ്പ് ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾ പഞ്ചായത്തുമായി കരാർ ഒപ്പ് വെക്കണമെന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്. പഞ്ചായത്തുമായി കരാർ വെക്കാനുള്ള തയ്യതി കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ രണ്ട് വട്ടം നീട്ടിവെച്ചതാണ്. ഈ മാസം 30 വരേയാണ് അവസാനമായി തിയതി നിശ്ചയിച്ച് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ഈ മാസം 22 ന് ഭൂമി രേഖ കൈമാറാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അന്നാണ് സെക്രട്ടറി ലീവെടുത്തത്.

പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ട് മുമ്പത്തെ ദിവസം ഭൂമിയുടെ രേഖകൾ കൈമാറാനായിരുന്നു തീരുമാനം. ഈ തീരുമാനത്തെ യുഡിഎഫ് അംഗങ്ങൾ എതിർക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് ബോർഡിലെ പത്തൊമ്പത് അംഗങ്ങളിൽ യുഡിഎഫിലെ പതിനൊന്ന് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ പ്രസിഡന്റ് എൻ സൈതാലിക്ക് രേഖകൾ വിതരണം ചെയ്യാൻ അധികാരമില്ല എന്ന് പറഞ്ഞാണ് യുഡിഎഫ് അംഗങ്ങൾ പരിപാടിക്കെതിരേ ശക്തമായി രംഗത്ത് വന്നത്. ജൂൺ 23 നായിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിച്ചതും പാസായതും. 22 നായിരുന്നു രേഖകൾ കൈമാറാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ രേഖകളിൽ ഒപ്പ് വെക്കാതെ പഞ്ചായത്ത് സെക്രട്ടറി അന്നേ ദിവസം അവധിയിൽ പോയി. അവിശ്വാസ പ്രമേയ ദിവസവും തുടർന്നുള്ള ദിവസങ്ങളിലും സെക്രട്ടറി ജോലിക്കെത്തിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 26 ന് ഉച്ചക്ക് ശേഷം വീണ്ടും അവധിയെടുത്ത് നാട്ടിൽ പോയത്. രേഖകളെല്ലാം സെക്രട്ടറിയുടെ അധീനതയിലായതിനാൽ അദ്ദേഹം നേരിട്ടെത്തുകയോ ചുമതലകൾ നൽകുകയോ വേണം. എന്നാൽ ചുമതലകളൊന്നും കൈമാറാതെയാണ് സെക്രട്ടറി സ്ഥലം വിട്ടത്.

നാല് സെൻറ് കോളനിയിലെ നാൽപത്തി അഞ്ചോളം പേർക്കാണ് പഞ്ചായത്ത് സമ്മതപത്രം നൽകാൻ തീരുമാനിച്ചത്. ഇതിൽ മുസ് ലിം ദലിത് വിഭാ​ഗങ്ങളിലുള്ള പതിമൂന്ന് കുടുംബങ്ങളാണ് ഈ വർഷം ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടത്. ഭൂരഹിത ഭവന രഹിതരായ വരുടെ പട്ടികയിൽ ഉള്ള ഈ കുടുംബങ്ങൾക്ക് 30 ന് മുമ്പ് രേഖ ലഭിച്ച് കരാർ വെക്കാൻ സാധിച്ചില്ലെങ്കിൽ ഈ വർഷത്തെ ഭവന പദ്ധതിയിൽ നിന്ന് പുറത്താകാനിടയുണ്ട്.