തദ്ദേശ വാർഡുകളുടെ എണ്ണം 14 മുതൽ 24 വരെ; കരട് വിജ്ഞാപനം ഉടൻ

പുതിയ വാർഡുകളുടെ അതിർത്തി നിശ്ചയിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കരടു വിജ്ഞാപനം പ്രസിദ്ധീകരിക്കും

Update: 2020-02-28 05:00 GMT

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ വാർഡുകളുടെയും ഡിവിഷനുകളുടെയും കുറഞ്ഞ എണ്ണം 14 ആയി നിജപ്പെടുത്തി. കൂടിയത് 24 എണ്ണം. ജില്ലാ പഞ്ചായത്തിൽ ഇത് യഥാക്രമം 17ഉം 33 ഉം ആണ്. 6 കോർപറേഷനുകൾ, മട്ടന്നൂർ ഒഴികെയുള്ള 86 നഗരസഭകൾ എന്നിവയിലെ വാർഡുകളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനവും ഉടൻ പ്രസിദ്ധീകരിക്കും.തുടർന്നു പുതിയ വാർഡുകളുടെ അതിർത്തി നിശ്ചയിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കരടു വിജ്ഞാപനം പ്രസിദ്ധീകരിക്കും. അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് ഇതു തയാറാക്കുക. പിന്നീടു വിഭജനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായ ഡീലിമിറ്റേഷൻ കമ്മിഷൻ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം വരും. ഈ നടപടികൾക്കായി 5 മാസം വേണം.

കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 14ൽ നിന്നു 15 ആയെങ്കിലും സാങ്കേതിക, നിയമ പ്രശ്‌നങ്ങൾ മൂലം സംവരണ വാർഡുകളുടെ വിവരം പ്രസിദ്ധീകരിച്ചില്ല. ആകെ വാർഡുകളുടെ പകുതി വനിതാ സംവരണമായതിനാൽ വനിതാ വാർഡുകൾ 8 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, 2011 ലെ സെൻസസിലെ ജനസംഖ്യ പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ എണ്ണം ഏറെക്കുറെ ഒപ്പത്തിനൊപ്പം വന്നതിനാൽ മറ്റു സംവരണ വാർഡുകളുടെ എണ്ണത്തിൽ തീരുമാനമായില്ല.

പുതുതായി വരുന്ന ജനപ്രതിനിധികൾക്ക് ഓണറേറിയം നൽകാനും വൻ തുക ചെലവഴിക്കേണ്ടി വരും. അംഗങ്ങൾക്കുള്ള പ്രതിമാസ ഓണറേറിയം ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ യഥാക്രമം 8800, 7600, 7000 രൂപയാണ്. ഈയിനത്തിൽ മാത്രം 67 കോടി രൂപയിലേറെയാണ് 5 വർഷം കൊണ്ട് ഉണ്ടാകാവുന്ന അധിക ചെലവ്. ഇതിനു പുറമേ ഹാജർ ബത്തയ്ക്കായും കോടികൾ ചെലവിടണം

Tags:    

Similar News