ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

പൊതുപണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുമോയെന്നാണു ആശങ്ക.

Update: 2019-01-07 01:44 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ നടത്തുന്ന ദേശീയപണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. കോര്‍പറേറ്റ് അനുകൂലവും രാജ്യദ്രോഹപരവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ പ്രക്ഷോഭങ്ങള്‍ തൊഴിലാളികള്‍ സംഘടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ ഗൗനിക്കാത്തതിനാലാണ് സെപ്തംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും ബാങ്ക്-ഇന്‍ഷുറന്‍സ് ജീവനക്കാരുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷനുകളുടെയും കണ്‍വന്‍ഷന്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെയും ട്രാന്‍സ്‌പോര്‍ട് മേഖലയുടെയും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 12 ഇന ആവശ്യമാണ് ഉന്നയിക്കുന്നത്.

    48 മണിക്കൂര്‍ പൊതുപണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുമോയെന്നാണു ആശങ്ക. ശബരിമല ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളുണ്ടാവുകയും എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തതോടെ വ്യാപാരികള്‍ കടയടക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. സംഘാടകരാവട്ടെ നിര്‍ബന്ധിച്ച കടകളക്കേണ്ടെന്ന നിലപാടിലാണ്. വാഹനങ്ങള്‍ തടയില്ലെന്നും കടയടപ്പിക്കില്ലെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കിലും പണിമുടക്ക് ബന്ദിനു സമാനമാവുമോയെന്നു കണ്ടറിയേണ്ടി വരും. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെയുള്ള സംഘടനകളെല്ലാം ദേശീയപണിമുടക്കിനെ അനുകൂലിക്കുന്നതിനാല്‍ രാജ്യം സ്തംഭിക്കാന്‍ സാധ്യതയേറെയാണ്. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെടാനാണു സാധ്യത. പണിമുടക്ക് തുടങ്ങുന്ന ഇന്ന് രാത്രി 12ന് എല്ലാ സമര കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.




Tags: