കന്യാസ്ത്രീകളെ മദര്‍ ജനറാള്‍ സ്ഥലം മാറ്റിയത് രൂപത അറിയാതെ

കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരെ മദര്‍ ജനറാള്‍ സ്ഥലം മാറ്റിയത് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ അറിയാതെ. ഇതു തെളിയിക്കുന്ന ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് പുറത്തുവന്നു.

Update: 2019-02-09 12:55 GMT

മുംബൈ: കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരെ മദര്‍ ജനറാള്‍ സ്ഥലം മാറ്റിയത് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ അറിയാതെ. ഇതു തെളിയിക്കുന്ന ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് പുറത്തുവന്നു.

ഇപ്പോഴത്തെ ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വെളിവാകുന്നത്. തന്റെ അനുമതിയില്ലാതെ ഇനി മദര്‍ ജനറാള്‍ ഒരു കത്ത് പോലും കന്യാസ്ത്രീകള്‍ക്ക് നല്‍കരുതെന്ന് ബിഷപ്പ് ആഗ്‌നലോ കത്തില്‍ കര്‍ശന ഉത്തരവ് നല്‍കുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനം ഇപ്പോഴും സന്യാസിനീസമൂഹത്തിന് മേലുണ്ടെന്ന് തെളിയിക്കുന്നതാണ് ബിഷപ്പ് ആഗ്‌നലോയുടെ മറുപടിക്കത്ത്. കന്യാസ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു കടുത്ത നടപടി എടുത്തിട്ടും ആ വിവരം മദര്‍ ജനറാള്‍ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്ററെപ്പോലും അറിയിച്ചിട്ടില്ലെന്നാണ് കത്തിലൂടെ വെളിവാകുന്നത്.

സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നീന റോസ് നല്‍കിയ കത്ത് കണ്ട് താന്‍ അദ്ഭുതപ്പെട്ടുപോയെന്ന് ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിന്റെ കത്തില്‍ പറയുന്നു. ഇനി തന്റെ അനുമതിയില്ലാതെ മദര്‍ ജനറാള്‍ നടപടി നേരിട്ട അഞ്ച് കന്യാസ്ത്രീകള്‍ക്കും ഒരു കത്ത് പോലും നല്‍കരുത്. തന്റെ ഈ മറുപടി മദര്‍ ജനറാളിനുള്ള നിര്‍ദേശം കൂടിയാണെന്നും ബിഷപ്പ് ആഗ്‌നലോ പറയുന്നു.

കേസ് അവസാനിക്കുന്നത് വരെ നിങ്ങള്‍ അഞ്ച് പേര്‍ക്കും കുറവിലങ്ങാട് മഠത്തില്‍ നിന്ന് എങ്ങോട്ടും പോകേണ്ടി വരില്ലെന്നും കത്തില്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് ഉറപ്പുനല്‍കുന്നു. 

Tags:    

Similar News