എംജിയില്‍ എംഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കി; ഇനി എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രം
അപേക്ഷകള്‍ക്കനുസരിച്ച് ഉന്നതപഠനത്തിനും ജോലിക്കും ഇനംതിരിച്ചാണ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. പിഎച്ച്ഡി പ്രോഗ്രാമിന് പാര്‍ട്ട്‌ടൈം ഗവേഷണം നടത്തുന്ന സ്ഥിരം, ഗസ്റ്റ് അധ്യാപകര്‍ക്ക് രണ്ടുഘട്ടങ്ങളിലായി കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു.

കോട്ടയം: എംഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കാനും പകരം എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും മഹാത്മാഗാന്ധി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അപേക്ഷകള്‍ക്കനുസരിച്ച് ഉന്നതപഠനത്തിനും ജോലിക്കും ഇനംതിരിച്ചാണ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. പിഎച്ച്ഡി പ്രോഗ്രാമിന് പാര്‍ട്ട്‌ടൈം ഗവേഷണം നടത്തുന്ന സ്ഥിരം, ഗസ്റ്റ് അധ്യാപകര്‍ക്ക് രണ്ടുഘട്ടങ്ങളിലായി കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു.
തുടര്‍ച്ചയായ ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി രണ്ടുഘട്ടമായി കോഴ്‌സ് വര്‍ക്ക് പൂര്‍ത്തീകരിക്കാനാണ് അനുമതി. ബിഎസ്‌സി, ബികോം കോഴ്‌സുകളില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കുന്ന വിഷയം ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, കൊമേഴ്‌സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്മാരുടെ സമിതി പരിശോധിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ് കോഴ്‌സ് പ്രവേശനത്തിന് സര്‍വകലാശാല നടത്തുന്ന ഓര്‍ഗാനിക് ഫാമിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജയിച്ച, 10ാംക്ലാസ് പാസായവര്‍ക്കുകൂടി അവസരമൊരുക്കി യോഗ്യത പുതുക്കാന്‍ യോഗം തീരുമാനിച്ചു.
സര്‍വകലാശാല ഓണററി ബിരുദങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പൊതുമാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഇന്‍ഡക്‌സ് മാര്‍ക്കിന് കോര്‍ വിഷയങ്ങള്‍ക്കൊപ്പം തൊഴിലധിഷ്ഠിത/നൈപുണ്യ വിഷയങ്ങള്‍ പരിഗണിക്കുന്നത് സംബന്ധിച്ച വിഷയം അക്കാദമിക് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചു. കോഴ്‌സുകളിലെ അന്തര്‍സര്‍വകലാശാല മാറ്റം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡീന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.