ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം ഈമാസം അവസാനത്തോടെ അറിയാം

ജോസ്പക്ഷത്തിന്റെ വരവ് മധ്യതിരുവിതാംകൂറില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ഉപകരിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഈ മേഖലയില്‍ 30-35 സീറ്റുകളെങ്കിലും നേടാനാകും.

Update: 2020-09-11 06:00 GMT

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം 18നു ചേരുന്ന എല്‍ഡിഎഫ്. യോഗം ചര്‍ച്ചചെയ്യും. ഘടകകക്ഷികളുടെ അഭിപ്രായം ചോദിക്കുക മാത്രമാകും അന്നുണ്ടാകുക. സിപിഐയുടെ നിലപാട് 23, 24 തീയതികളില്‍ ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെ വ്യക്തമായേക്കും. അതിനു ശേഷം, സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് 25നു സംസ്ഥാന സെക്രട്ടേറിയറ്റും പിറ്റേന്നു സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്തശേഷമായിരിക്കും പുറത്തുവരിക. ജോസ്പക്ഷത്തിന്റെ വരവ് മധ്യതിരുവിതാംകൂറില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ഉപകരിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഈ മേഖലയില്‍ 30-35 സീറ്റുകളെങ്കിലും നേടാനാകും. ഇടതുതരംഗമുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതിനെ കാര്യമായി തുണയ്ക്കാതിരുന്ന എറണാകുളം, കോട്ടയം മേഖലകളില്‍ മാറ്റത്തിനു വഴിയൊരുങ്ങുമെന്നും ഇടതുകേന്ദ്രങ്ങള്‍ ചിന്തിക്കുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ സര്‍ക്കാരിനെതിരേ ആക്രമണം ശക്തമാക്കിയ യുഡിഎഫിലെ ഭിന്നിപ്പ് സ്ഥാപിക്കാന്‍ ഇതിനെ ഉപയോഗിക്കാനും കഴിയും.യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെ സ്വന്തം ഘടകകക്ഷി പോലും തള്ളിക്കളഞ്ഞതിനു തെളിവായി ജോസിന്റെ പുറത്തുപോകലിനെ വ്യാഖ്യാനിക്കും. സ്വന്തം ഘടകകക്ഷിയെപ്പോലും വിശ്വസിപ്പിക്കാനാകാത്ത പൊള്ളയായ ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്ന ചോദ്യമാണ് ഇടതുകേന്ദ്രങ്ങള്‍ ഉയര്‍ത്തുക 

Tags: