സനലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം അനുവദിച്ചു

Update: 2019-01-03 11:52 GMT

തിരുവനന്തപുരം: ഡിവൈഎസ്പിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ കാറിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് മരിച്ച നെയ്യാറ്റികര ചെങ്കോട്ടുകോണം സനലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സനലിന് ഭാര്യ വിജിയും രണ്ടുമക്കളുമാണുള്ളത്. വിജി സെക്രട്ടേറിയേറ്റിന് മുന്നിലെ നടത്തിയിരുന്ന സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. വിജിക്ക് അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി, ധനസഹായം എന്നിവ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ജോലി, കുടുംബത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് 22 ദിവസമാണ് സനലിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും സമരം നടത്തിയത്.

കഴിഞ്ഞ നവംബര്‍ അഞ്ചിന് രാത്രിയില്‍ കൊടങ്ങാവിളയില്‍ വെച്ച് ഡിവൈഎസ്പിയായിരുന്ന ഹരികുമാര്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍ മരിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഒളിവിലായിരുന്ന ഡിവൈഎസ്പിയെ പിന്നീട് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും വാഗ്ദാനം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിയും കുടുംബവും സമരത്തിനിറങ്ങിയത്. ഇതിനിടെയാണ് സഹായധനം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചത്.


Tags:    

Similar News