'പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, മുടക്കുന്നവരുടെ കൂടെയല്ല'; സിപിഐയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
സിപിഐ സംസ്ഥാന സെക്രട്ടറിയും പങ്കെടുക്കുന്ന പുന്നപ്ര വയലാര്‍ വാര്‍ഷിക ദിനാചരണ വേളയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം
ആലപ്പുഴ: സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍. മുടക്കുന്നവരുടെ കൂടെയല്ലെന്നും വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ വന്നപ്പോള്‍ രാഷ്ട്രപതിയും പ്രകീര്‍ത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയമായതിന്റെ ചരിത്രം മറന്നു പോകരുതെന്നും ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇഎംഎസ് സര്‍ക്കാരാണെന്നും, വികസനത്തിന്റെ പ്രത്യേക ഘട്ടത്തില്‍ കേരളം നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് ഭരിച്ചു. 2011 മുതല്‍ 2016 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സര്‍ക്കാര്‍ വന്നു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടടിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതിയായിരുന്നു കേരളത്തില്‍. ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടി. 2016ല്‍ എല്‍ഡിഎഫ് വന്നപ്പോള്‍ മുതല്‍ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകളുടെ അവസ്ഥ എന്തു പരിതാപകരമായിരുന്നു. ദേശീയ പാത ഉണ്ടായിരുന്നില്ല. 2011-16 കാലത്ത് ഒന്നും ചെയ്തില്ല. അതിന്റെ പിഴയൊടുക്കേണ്ടി വന്നു. സ്ഥലം എടുത്തു കൊടുക്കേണ്ടി വന്നു. രാജ്യത്തൊരിടത്തും ആ സ്ഥിതിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 5,100 കോടിരൂപ കൊടുക്കേണ്ടി വന്നു. ഡിസംബറില്‍ ദേശീയ പാതയുടെ നല്ലൊരു ഭാഗം പൂര്‍ത്തിയാക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ജനുവരിയില്‍ കേരളത്തില്‍ വരുമ്പോള്‍ ഉദ്ഘാടനം നടക്കും. മാര്‍ച്ചിനു മുന്‍പ് മുഴുവന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം ഗഡ്കരി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

