സാലറി ചലഞ്ച്: ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്താമെന്ന വ്യാമോഹം വേണ്ടെന്ന് ചെന്നിത്തല

സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്നും സിപിഎം പ്രളയഫണ്ട് മുക്കിയത് സാലറി ചലഞ്ചിന്‍റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Update: 2020-04-03 11:00 GMT

തിരുവനന്തപുരം: സാലറി ചലഞ്ചിന്‍റെ പേരില്‍ ജീവനക്കാരോട് ധനമന്ത്രിയുടെ ഭീഷണി വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്താമെന്ന വ്യാമോഹം വേണ്ട. സഹകരിക്കാമെന്ന് പ്രതിപക്ഷം പറഞ്ഞതിന്‍റെ പേരില്‍ തലയില്‍ കയറരുത്. സാലറി ചലഞ്ചിനോട് സഹകരിക്കുമെന്നും ഓരോരുത്തരും കഴിവിനനുസരിച്ച് സംഭാവന നല്‍കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷം രാഷ്ട്രീയം മാറ്റിവച്ചത് ദൗര്‍ബല്യമായി കാണരുത്. സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്നും സിപിഎം പ്രളയഫണ്ട് മുക്കിയത് സാലറി ചലഞ്ചിന്‍റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ലോക്‌ഡൗണിനിടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുരേന്ദ്രന്‍റെ യാത്ര ഡിജിപിയുടെ കൊവിഡ് പാസിലാണോ എന്ന് വ്യക്തമാക്കേണ്ടത് ഡിജിപി ലോക്‌നാഥ് ബെഹ്റയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ വീട്ടിലിരിക്കണമെന്നാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കണക്കിലെടുത്ത് താനുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടിലിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ക്വാറന്റൈനില്‍ കഴിയുന്ന ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ സ്രവപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത്  നല്‍കി. കേരളത്തില്‍ ഒന്നര ലക്ഷത്തിലധികം ജനങ്ങള്‍ ക്വാറന്റൈനില്‍ ആണ്. ഇവിടെ എഫക്ടീവ് സ്ക്രീനിംഗ് എന്ന് പറയുന്നത് പ്രതിദിനം 3000 ടെസ്റ്റുകളാണ്. ഇത്രയും ടെസ്റ്റുകള്‍ ചെയ്യാന്‍ ഇവിടെ സംവിധാനം ഉണ്ടെങ്കിലും കേവലം 500ല്‍ താഴെ ടെസ്റ്റുകളാണ് ഇപ്പോള്‍ ചെയ്യുന്നത്. രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇതിലൂടെ ഒരിക്കലും വെളിപ്പെടില്ല. പൊതുജനാരോഗ്യം നിലനിര്‍ത്താനും സാമൂഹ്യ വ്യാപനത്തിലേക്ക് പോകാതിരിക്കാനും എഫക്ടീവ് സ്‌ക്രീനിംഗ് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ചെറിയ രോഗലക്ഷണമുള്ള ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.  

Tags:    

Similar News