വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം നല്ലത്: പി കെ കുഞ്ഞാലിക്കുട്ടി

കെ റെയില്‍ പദ്ധതി പ്രതിപക്ഷം ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം. ബോധ്യപ്പെടുന്ന തരത്തിലുള്ള മറുപടി ഉണ്ടായാല്‍ പദ്ധതിയെ ആരും എതിര്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി

Update: 2021-12-27 08:41 GMT

കണ്ണൂര്‍: വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം നല്ലതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ റെയില്‍ പദ്ധതി പ്രതിപക്ഷം ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം. ബോധ്യപ്പെടുന്ന തരത്തിലുള്ള മറുപടി ഉണ്ടായാല്‍ പദ്ധതിയെ ആരും എതിര്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ല, ലീഗില്ലാതായാല്‍ ആ ഇടം കീഴടക്കുക ആലപ്പുഴ മോഡല്‍ വര്‍ഗീയതയിലൂന്നിയ രാഷ്ട്രീയം പറയുന്നവരാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര നിലപാടില്‍ ഒത്തുതീര്‍പ്പ് നടത്താത്ത പാര്‍ട്ടിയാണ് ലീഗ്. ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രെഡിറ്റ് മുസ്‌ലിം ലീഗിന് അവകാശപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ വര്‍ഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ക്ക് വില കൊടുക്കുന്നില്ലെന്നും മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് പറഞ്ഞു.

ബിജെപിയും നരേന്ദ്രമോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാള്‍ മോശമായ വര്‍ഗീയതയാണ് സിപിഎം കേരളത്തില്‍ കാണിക്കുന്നത്. സമുദായങ്ങളെ ഭിന്നപ്പിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ഇതാണ് സിപിഎമ്മിന്റെ ശൈലി ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.



Tags: