ഫാര്‍മസി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം വിദേശത്ത് പഠിച്ചവര്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

ജൂലൈയ്ക്കുള്ളില്‍ കരട് ഭേദഗതി തയ്യാറാക്കാനാണ് നീക്കം. തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. രാജ്യത്ത് ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നതിന് യോഗ്യത നിശ്ചയിക്കുന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.

Update: 2019-01-29 18:56 GMT

തിരുവനന്തപുരം: വിദേശത്തെ കോളജുകളില്‍ ഫാര്‍മസി കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്ന തരത്തില്‍ ഫാര്‍മസി നിയമം ഭേദഗതി ചെയ്യാന്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ജൂലൈയ്ക്കുള്ളില്‍ കരട് ഭേദഗതി തയ്യാറാക്കാനാണ് നീക്കം. തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. രാജ്യത്ത് ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നതിന് യോഗ്യത നിശ്ചയിക്കുന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.

വിദേശത്ത് പഠിച്ചവര്‍ക്ക് നിലവിലെ നിയമമനുസരിച്ച് സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല. ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കുമാത്രമാണ് സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തി ജോലിചെയ്യാനുള്ള അനുമതി. വിദേശത്ത് ഫാര്‍മസി കോഴ്‌സുകള്‍ പഠിക്കുന്നവരുടെ എണ്ണം കൂടിവരുന്നതാണ് വ്യവസ്ഥ ഉദാരമാക്കാനുള്ള പ്രധാന കാരണം. യുഎസ്, യുകെ, ആസ്‌ത്രേലിയ, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും പോവുന്നത്.

മിക്കവരും പഠനത്തിനുശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി തുടരുകയാണ് ചെയ്യുന്നത്. നാട്ടിലേക്കുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിയമം വിലങ്ങുതടിയാണ്. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാത്ത വാണിജ്യമേഖലയില്‍ ജോലിചെയ്യുന്നതിന് നിലവില്‍ തടസ്സമില്ല. നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പ് വിവിധ രാജ്യങ്ങളിലുള്ള ഫാര്‍മസി കോഴ്‌സുകളെക്കുറിച്ച് കൗണ്‍സില്‍ വിശദമായി പഠനം നടത്തും.

Tags: