കേരള എക്സ്പ്രസില്‍ നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: കേരള എക്സ്പ്രസില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി (സോനു, 20)ക്ക് ട്രാക്കുകള്‍ക്കിടയില്‍ തലയിടച്ച് വീണാണ് ഗുരുതരമായ പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും ശ്രീക്കുട്ടിക്കുണ്ട്.
പ്രതിയായ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിന്‍കര വീട്ടില്‍ സുരേഷ് കുമാറിനെ (50) റിമാന്‍ഡ് ചെയ്തു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടതെന്ന് പോലിസ് പറഞ്ഞു. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും തള്ളിയിടാന്‍ ശ്രമിച്ചു.
ഞായര്‍ രാത്രി എട്ടോടെ വര്‍ക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. നിലവിളി കേട്ട് മറ്റ് യാത്രക്കാര്‍ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചുവേളിയില്‍വച്ച് പ്രതിയെ റെയില്‍വേ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.