കെ എം ഷാജിക്കെതിരെ കേസെടുത്തത് നിയമോപദേശം തള്ളിയെന്ന് സൂചന
വിജിലന്‍സ് ലീഗല്‍ അഡ്വൈസറാണ് കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത്. ആരോപണം തെളിയിക്കാന്‍ ഉതകുന്ന തെളിവുകളുടെ അഭാവം ചൂണ്ടികാട്ടിയാണ് അഡ്വൈസര്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തത്.
തിരുവനന്തപുരം: കെ എം ഷാജി എംഎൽഎക്കെതിരായി കേസെടുത്തത് നിയമോപദേശം തള്ളിയെന്ന് സൂചന. അഴിമതി നിരോധന നിയമപ്രകാരം തെളിവുകളില്ലാത്തതിനാൽ പരാതി നിലനിൽക്കില്ലെന്നായിരുന്നു നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡ്വൈസറാണ് കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത്. ആരോപണം തെളിയിക്കാന്‍ ഉതകുന്ന തെളിവുകളുടെ അഭാവം ചൂണ്ടികാട്ടിയാണ് അഡ്വൈസര്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തത്.
പ്രാഥമികാന്വേഷണ റിപോര്‍ട്ടിന് പിന്നാലെയാണ് നിയമോപദേശം തേടിയത്. എന്നാൽ, എഫ്ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയില്ലെന്നും സൂചനയുണ്ട്. നടപടിക്രമങ്ങൾ പൂർണമായും പാലിക്കാതെയാണ് ബന്ധപ്പെട്ട ഫയല്‍ നിയമവകുപ്പില്‍ നിന്നും സ്പീക്കറുടെ ഓഫീസിലെത്തിയതെന്നും ആരോപണമുണ്ട്.
അതേസമയം, കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. പ്ലസ്ടു കോഴ്സിനു 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് എഫ്ഐആര്‍. തലശേരി വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ച് അന്വേഷണം തുടങ്ങും. ലീഗിന്റെ പ്രാദേശികതലത്തിൽ നിന്ന് ഷാജിക്കെതിരെ ആരോപണമുയർന്നതും പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. എന്നാൽ എംഎൽഎക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് വിജിലൻസ് കേസ് എന്നാണ് യുഡിഎഫിൻ്റെ പ്രതിരോധതന്ത്രം.
സ്പ്രിംഗ്ളർ ഇടപാടിൽ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി ആരോപിച്ചു. എന്നാൽ സർക്കാരിന്റെത് പ്രതികാര നടപടിയല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൽഡിഎഫ്.
