പോലിസ് നോക്കുകുത്തി; സിപിഎം പ്രവർത്തകൻ അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാർ ഒളിപ്പിച്ച സ്ഥലത്ത് നിന്നും മാറ്റി

കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ കാർ അവിടെയില്ലായിരുന്നു. പോലിസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം മാറ്റിയത്.

Update: 2021-06-24 13:43 GMT

കണ്ണൂർ: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജ്ജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച സ്ഥലത്തിന്നു നിന്നും മാറ്റി. സംഭവത്തിൽ പോലിസ് സഹായം അർജുന് ലഭിക്കുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഒളിപ്പിച്ച നിലയിൽ കാർ കണ്ടെത്തയിരുന്നു. കണ്ണൂരിലെ പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാർ കണ്ടെത്തിയത്.

കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ കാർ അവിടെയില്ലായിരുന്നു. പോലിസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം മാറ്റിയത്. അർജ്ജുൻ ആയങ്കിയുടെ സംഘം തന്നെയാണ് കാർ കടത്തിയതെന്ന സ്ഥിരീകരണവുമായി പ്രദേശവാസികൾ രം​ഗത്തെത്തി. സ്വർണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ എത്തിയതായി തെളിഞ്ഞിരന്നു. അപകടം നടക്കുമ്പോൾ സ്വർണം കടത്താൻ എത്തിയ സംഘം സഞ്ചരിച്ച കാറാണിത്.

കഴിഞ്ഞ ദിവസം കാർ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന വിവരം നാട്ടുകാർ തന്നെ പോലിസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് പ്രദേശവാസിയായ സമീർ പറഞ്ഞു. അർജുൻ ആയങ്കിയുടെ സുഹൃത്തായ പ്രണവാണ് വാഹനം കപ്പൽ പൊളി ശാലയിൽ നിന്ന് കടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ജൂൺ 28 ന് കസ്റ്റംസിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആവശ്യപ്പെട്ട് അർജുന് നോട്ടിസ് നൽകിയിട്ടുണ്ട്. കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി. കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നോട്ടിസ് വീട്ടുകാരെ ഏൽപ്പിച്ചത്. ബുധനാഴ്ച രാവിലെ വരെ അർജുൻ വീട്ടിലുണ്ടായിരുന്നു.

പ്രതികളുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ ഇവരെ തള്ളി പാർട്ടി രം​ഗത്തുവന്നു. പാർട്ടിയെ മറയാക്കി അർജ്ജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ക്വട്ടേഷൻ സംഘത്തിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സിപിഎം തള്ളിപ്പറയുന്നുവെന്ന് പാർട്ടി സെക്രട്ടറിയായ എംവി ജയരാജൻ പറഞ്ഞു.