താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊല: ആയുധങ്ങള്‍ കണ്ടെടുത്ത സ്ഥലം പുതിയ വിവാദത്തിലേക്ക് (വീഡിയോ)
കഴിഞ്ഞ ദിവസമാണ് അഞ്ചുടി ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയ പ്രതികളായ കുപ്പന്റ പുരയ്ക്കല്‍ അബ്ദുല്‍ മുഫീസ്, വേളിച്ചന്റെ പുരയ്ക്കല്‍ മഹ്‌സൂദ്, കുപ്പന്റെ പുരയ്ക്കല്‍ ത്വാഹമോന്‍ എന്നിവരെ പരപ്പനങ്ങാടി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തെളിവെടുപ്പിനായി വിട്ടുകൊടുത്തത്.
പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത സ്ഥലം കേസില്‍ വഴിത്തിരിവ് സൃഷ്ടിക്കും. കഴിഞ്ഞ ദിവസമാണ് അഞ്ചുടി ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയ പ്രതികളായ കുപ്പന്റ പുരയ്ക്കല്‍ അബ്ദുല്‍ മുഫീസ്, വേളിച്ചന്റെ പുരയ്ക്കല്‍ മഹ്‌സൂദ്, കുപ്പന്റെ പുരയ്ക്കല്‍ ത്വാഹമോന്‍ എന്നിവരെ പരപ്പനങ്ങാടി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തെളിവെടുപ്പിനായി വിട്ടുകൊടുത്തത്. ഇന്ന് രാവിലെ അന്വേഷണസംഘം പ്രതികളുമായി ആയുധങ്ങള്‍ കണ്ടടുക്കാനെത്തിയത് താനൂര്‍ കുണ്ടുങ്ങലിലെ സിപിഎം നേതാവിന്റെ തറവാട് പരിസരത്ത്. ഇവിടെ നിന്ന് കൊലയ്ക്കുപയോഗിച്ച മൂന്ന് വാളുകളും കണ്ടെടുത്തു.
ഇതോടെ ഇസ്ഹാഖിന്റെ കൊലപാതകം ശംസുവിനെ ആക്രമിച്ചതിന് ബന്ധുക്കള്‍ ആസൂത്രണം ചെയ്തതാണെന്ന വാദത്തിന് കഴമ്പില്ലാതായി. ഈ കേസില്‍ സംശയമുന നീളുന്ന സിപിഎം നേതാവിന്റെ വീട് നില്‍ക്കുന്ന പ്രദേശത്ത് എങ്ങനെ ആയുധമെത്തിയെന്ന സംശയം നാട്ടുകാര്‍ തെളിവെടുപ്പിനിടെ പോലിസ് ഉദ്യോഗസ്ഥരോട് വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. കൃത്യം നടത്തി സിപിഎം നേതാവ് വീട്ടില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശംസുവിനെ ആക്രമിച്ചതിന് ബന്ധുക്കള്‍ ആസൂത്രണം ചെയ്തതാണെന്ന പ്രചാരണമാണ് ഇപ്പോള്‍ പോലിസും സിപിഎം കേന്ദ്രങ്ങളും നടത്തുന്നത്. എന്നാല്‍, ശംസുവിന്റെ കേസുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ലാത്ത ഇസ്ഹാഖ് എങ്ങനെ കൊല്ലപ്പെട്ടുവെന്ന സംശയം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
കൃത്യം നടത്തിയത് പുറമെ നിന്നെത്തിയ സംഘമാണന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. അന്വേഷണം സിപിഎം ഉന്നതനേതാക്കളിലേക്കെത്താതിരിക്കാന്‍ ഡമ്മി പ്രതികളെ രംഗത്തിറക്കിയിട്ടുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. പുറമെ നിന്നെത്തിയ സംഘം ആളുമാറി ഇസ്ഹാഖിനെ വെട്ടിയതാണന്ന പ്രചാരണവും ശക്തമാണ്. നേതാക്കളെയടക്കം രക്ഷപ്പെടുത്താന്‍ കുടുംബപ്രതികാരമാണന്ന പ്രചാരണത്തിനെതിരേ മുസ്‌ലിം ലീഗും രംഗത്തുവന്നിട്ടുണ്ട്. ആയുധങ്ങള്‍ കണ്ടെടുത്ത സ്ഥലംതന്നെ അതിന്റെ തെളിവാണെന്നും താനൂരിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

