താമരശേരി ഫ്രഷ് കട്ട് സമരം: നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍

Update: 2025-11-01 06:38 GMT

കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു . പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്.

പ്ലാന്റ് തുറക്കുകയാണെങ്കില്‍ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടും കഴിഞ്ഞ ദിവസം തുറന്നിരുന്നില്ല. പോലിസ് സുരക്ഷയുണ്ടെങ്കിലേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കൂവെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.