തലശ്ശേരിയിലെ മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യം: നാല് ആര്‍എസ്എസ്സുകാര്‍ റിമാന്‍ഡില്‍

Update: 2021-12-07 09:11 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് നാല് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. ധര്‍മടം പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ എന്ന ടുട്ടു (38), കണ്ണവം മുടപ്പത്തൂരിലെ കൊട്ടേമ്മല്‍ ഹൗസില്‍ ആര്‍ രഗിത്ത് (21), കരിച്ചാല്‍ വീട്ടില്‍ വിവി ശരത്ത് (25), ശിവപുരം കാഞ്ഞിലേരിയിലെ ശ്രീജാലയത്തില്‍ ശ്രീരാഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് കെ ടി ജയകൃഷ്ണന്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബലിദാന ദിന പ്രകടനത്തിനിടെയാണ് ആര്‍എസ്എസ്സുകാര്‍ മതസ്പര്‍ധ പരത്തുന്ന മുദ്രാവാക്യം മുഴക്കിയത്.

മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്കുവിളികള്‍ കേള്‍ക്കില്ലെന്നുമായിരുന്നു ഭീഷണി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു സംഭവം. പോലിസിന്റെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വെല്ലുവിളി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജ്ഞിത്ത്, കെ പി സദാനന്ദന്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. സാമുദായിക ലഹളയുണ്ടാക്കല്‍, സംഘം ചേരല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 153 എ, 149 വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എന്‍ ജിഥുന്‍, എസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി ബി നൗഷാദ് എന്നിവര്‍ തലശ്ശേരി പോലിസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞതായി തലശ്ശേരി സിഐ സനല്‍കുമാര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് തലശ്ശേരി സ്‌റ്റേഷന്‍ പരിധിയില്‍ കലക്ടര്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്താന്‍ ശ്രമിച്ചതിന് അഞ്ച് ആര്‍എസ്എസ്സുകാരെക്കൂടി അറസ്റ്റുചെയ്തു. പ്രകടനത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടിയിരുന്നു. 250 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News